കോട്ടയം: അധിക സീറ്റെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളിയിട്ടും പി.ജെ. ജോസഫ് നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര ്യത്തിൽ മാണി വിഭാഗം കടുത്തനിലപാടിലേക്ക്. ജോസഫിനെ അനുനയിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടിരിക്കെ, ഞായറാഴ്ച ചേരുന്ന കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗവും നിർണായകമായേക്കും. പാർലമെൻററി പാർട്ടിയിെല ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിന് തടയിടാനുള്ള നീക്കങ്ങളാവും മാണി വിഭാഗം നടത്തുക. ഇതിനുള്ള രഹസ്യനീക്കങ്ങൾ സജീവമാണ്. മറുനീക്കങ്ങൾ ജോസഫും ആരംഭിച്ചിട്ടുണ്ട്. കടുത്ത നടപടികളിേലക്കാണ് ജോസഫ് നീങ്ങുന്നതെങ്കിൽ ഒരുസീറ്റ് നൽകി വശത്താക്കാനുള്ള കരുനീക്കങ്ങളുമായി സി.പി.എമ്മും രംഗത്തുണ്ട്. കോട്ടയം സീറ്റ് വിട്ടുകൊടുക്കാൻപോലും അവർ തയാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സി.പി.എം ദൂതൻമാർ േജാസഫുമായി രഹസ്യകൂടിക്കാഴ്ചകളും നടത്തുന്നുണ്ട്. മോൻസ് ജോസഫുമായും ചർച്ചകൾ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ജനതാദളിനാണ് ഇടതുമുന്നണി നൽകിയത്. ഇക്കുറി സീറ്റ് സി.പി.എം ഏറ്റെടുത്തെങ്കിലും അവസാന നിമിഷം എന്തെങ്കിലും മാറ്റംമറിച്ചിലുകൾ ഉണ്ടായാൽ സീറ്റ് ജോസഫിന് നൽകാനും സി.പി.എം മടിക്കില്ല. സി.പി.എം സ്ഥാനാർഥിപ്പട്ടിക ശനിയാഴ്ചയാവും പുറത്തിറക്കുക. അതിനകം ജോസഫിെൻറ നീക്കങ്ങളിൽ വ്യക്തതയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. സി.പി.എമ്മിെൻറ രാഷ്ട്രീയ അവഗണനയിൽ ജെ.ഡി.എസും കടുത്ത അതൃപ്തിയിലാണ്. കോട്ടയം സീറ്റിന് പകരം സീറ്റ് ചോദിക്കാൻ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പാർട്ടിയിലെ പ്രബല വിഭാഗം ആരോപിക്കുന്നു. കോട്ടയം സീറ്റ് വേണം, വേണ്ട എന്ന തർക്കം പാർട്ടിയിൽ ശക്തമായപ്പോഴാണ് സി.പി.എം സീറ്റ് ഏറ്റെടുത്തെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സീറ്റ് കിട്ടുന്നില്ലെങ്കിൽ സ്വന്തംനിലക്ക് കോട്ടയത്തടക്കം സ്ഥാനാർഥികളെ നിർത്തണമെന്ന ആവശ്യവും പാർട്ടിയിൽ സജീവമാണ്. കഴിഞ്ഞതവണ മത്സരിച്ച മാത്യൂ ടി.തോമസിനെതിരെയാണ് ആക്ഷേപമേറെ. ഇടതുമുന്നണി യോഗം ചേരുന്ന വെള്ളിയാഴ്ച ഭാരവാഹികളുടെ യോഗം ജനതാദൾ തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. സി.എ.എം. കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.