കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പാന മഹോത്സവത്തിന് ഇന്ന് തുടക്കം

വെള്ളൂർ: മുളക്കുളം കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പാന മഹോത്സവം ബുധനാഴ്ച ആരംഭിക്കും. അരിയേറ്, ചെറ ിയപാന, വലിയപാന, തൂക്കം എന്നിവ അടങ്ങുന്ന അനുഷ്ഠാനപരമായ ചടങ്ങുകളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന പാന മഹോത്സവം. ബുധനാഴ്ച രാവിലെ പടയണിയോടെ കാവിൽ പാനക്ക് തുടക്കമാകും. ദാരിക ദാനവേന്ദ്രൻമാരെ ശ്രീഭദ്രകാളി ഉഗ്രയുദ്ധത്തെ തുടർന്ന് വധിക്കുന്നതിനെ പ്രതീകവത്കരിച്ച് നടക്കുന്ന ചടങ്ങുകളാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്. പാനക്ക് വ്രതം നോറ്റെത്തുന്ന പുരുഷന്മാർ (പാനക്കാർ) ദേവിയുടെ അനുചരന്മാരായി എഴുന്നള്ളിപ്പുകൾക്ക് അകമ്പടി സേവിക്കും. പടയണി, അരിയേറ് വിളക്ക്, പാനപ്പുര പൂജ, പാനതുള്ളൽ, പാന എഴുന്നള്ളിപ്പുകൾ, താലപ്പൊലി, പാനപ്പുര വലിയഗുരുതി, ഒറ്റത്തൂക്കം, ദാരികൻ തൂക്കം, ഗരുഡൻതൂക്കം, കെട്ടുകാഴ്ചവരവ് തുടങ്ങിയവയാണ് പ്രധാന അനുഷ്ഠാനങ്ങൾ. പാനക്കാർക്ക് പാരമ്പര്യവിഭവങ്ങളോടെ നൽകുന്ന പാനക്കഞ്ഞി കാവിലെത്തുന്ന മുഴുവൻ ഭക്തർക്കും വിതരണം ചെയ്യും. ചക്കപ്പുഴുക്ക്, മുതിരപ്പുഴുക്ക്, ഉപ്പിലിട്ടത്, ഉപ്പേരികൾ, നാളികേരം പൂളിയതും, ശർക്കരയുമാണ് പാനക്കഞ്ഞിയോടൊപ്പമുള്ള വിഭവങ്ങൾ. വ്യാഴാഴ്ച പുലർച്ചയാണ് പടയണി. കത്തിച്ച ചൂട്ടുകറ്റകളുമായി ദേവീസ്തുതികൾ പാടി ഭക്തസംഘങ്ങൾ കാവിനു പ്രദക്ഷിണം വെക്കും. 10 ലക്ഷം രൂപയോളം െചലവഴിച്ച് പുതിയതായി നിർമിച്ച നടപ്പന്തലി​െൻറ സമർപ്പണവും തുടർന്ന് ക്ഷേത്രത്തെക്കുറിച്ച് കെ.കെ. വിശ്വനാഥൻ രാമമംഗലം രചിച്ച പുസ്തകവും പ്രകാശനം ചെയ്യും. വൈകീട്ട് ദീപാരാധന രാത്രി ഒമ്പതിന് അരിയേറ് വിളക്ക്. അരിയേറ് വിളക്ക് മുതൽ ദേവിയുടെ എഴുന്നള്ളിപ്പുകൾക്ക് പാനക്കാർ അകമ്പടിയാകും. രാത്രി അരിയേറത്താഴസദ്യ. പാന മഹോത്സവത്തി​െൻറ രണ്ടാം ദിവസമായ വ്യാഴാഴ്ച ചെറിയപാന. രാവിലെ ഏഴ് മുതൽ പുരാണപാരായണം, 9.30ന് പഞ്ചാരിമേളം,11ന് പാനപ്പുര പൂജ, ഉച്ചപൂജ, പാനതുള്ളൽ പാനക്കഞ്ഞി വിതരണം. ഉച്ചക്ക് 2.30ന് ദേവിയെ പാനനടയിലേക്ക് എഴുന്നളളിക്കും. ധീവരസഭ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെള്ളൂർ ശ്രീവേദവ്യാസ ധീവര സമാജത്തി​െൻറ ഭീമനും (കെട്ടുകാഴ്ചകൾ)പുഴയിലൂടെ കാവിലേക്ക് എഴുന്നള്ളിക്കുന്ന കാഴ്ചകാണാൻ ആയിരങ്ങൾ പുഴയുടെ ഇരുകരിലുമായി തടിച്ചുകൂടും. വൈകീട്ട് ദീപാരാധനയെ തുടർന്ന് മാടമന ശ്രീബാലഭദ്ര ക്ഷേത്രത്തിൽനിന്നും കളമ്പൂർ കോട്ടപ്പുറം പടിഞ്ഞാറെ കവലയിൽനിന്നും താലപ്പൊലി. രാത്രി ഒമ്പതിന് ഗാനമേള. വെള്ളിയാഴ്ചയാണ് വലിയപാന. ദേവിദാരികനെ നിഗ്രഹിക്കുന്നതിനെ പ്രതീകവത്കരിക്കുന്ന ചടങ്ങുകളാണ് വലിയപാന നാളിൽ. ഉച്ചക്ക് 2.30ന് പാന എഴുന്നള്ളിപ്പ്. രാത്രി 8.30ന് തെട്ടൂർ ശിവക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രനട, എന്നിവിടങ്ങളിൽനിന്ന് താലപ്പൊലി. സമാപന ദിവസമായ ശനിയാഴ്ച തൂക്കം. ഉച്ചക്ക് പാനപ്പുരയിൽ വലിയ ഗുരുതി. വൈകീട്ട് ദീപാരാധന തുടർന്ന് ദേവിയെ കീഴ്ക്കാവിലേക്ക് എഴുന്നള്ളിക്കൽ. വൈകീട്ട് ഏഴിന് ഒറ്റത്തൂക്കം, ദേശതാലപ്പൊലി, രാത്രി 12 ന് ദാരികൻ തൂക്കം തുടർന്ന് ഗരുഡൻ തൂക്കം എന്നിവ നടക്കും. പാനമഹോത്സവത്തിന് ഒരുക്കം പൂർത്തീകരിച്ചതായി ദേവസ്വം മാനേജർ വി. ബാലകൃഷ്‌ണൻ, എക്സിക്യൂട്ടിവ് ഓഫിസർ എൻ. ശ്രീകുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് വി.കെ. പരമേശ്വരൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.