തിരുവനന്തപുരം: പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ സർക്കാർ സാധാരണക്കാരോട് കൈനീട്ടുമ്പോൾ കോടികൾ പൊടിക്കാനുള്ള തയാറെടുപ്പിൽ കേരള പൊലീസ്. സംസ്ഥാന പൊലീസ് സൈബർസുരക്ഷയെപ്പറ്റി അടുത്തമാസം കൊച്ചിയിൽ സംഘടിപ്പിക്കുന്ന 'കൊക്കൂൺ 2018' ആണ് വിവാദത്തിന് തിരികൊളുത്തിയത്. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലൊന്നായ ഗ്രാന്‍ഡ് ഹയാത്തിൽ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ലോകത്തിെൻറ വിവിധയിടങ്ങളില്‍നിന്നുള്ള രണ്ടായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രളയപശ്ചാത്തലത്തിൽ സർക്കാറിന് കീഴിലെ വകുപ്പുകളുടെ വൻകിട പരിപാടികളും ആഘോഷങ്ങളും ഒഴിവാക്കി ആ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന പൊതുഭരണവകുപ്പിെൻറ ഉത്തരവ് നിലനിൽക്കെയാണ് വൻതുക ചെലവഴിച്ച് സമ്മേളനം നടത്താൻ കേരള പൊലീസ് ഒരുങ്ങുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെയും ഒരുമാസത്തെയും ശമ്പളം പൊലീസുകാർ നൽകുമ്പോൾ സെമിനാർ ഉപേക്ഷിക്കണമെന്നാണ് ഒരുവിഭാഗം ഐ.പി.എസുകാർ ആവശ്യപ്പെടുന്നത്. വിദേശപ്രതിനിധികളും രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ധരും വിദ്യാർഥികളും പങ്കെടുക്കുന്നതിനാൽ ഇവർക്ക് ഭക്ഷണത്തിനും താമസത്തിനുമായി മാത്രം ഒരുകോടിയോളം രൂപ ചെലവാകുമെന്ന് മുൻകാലങ്ങളിലെ സമ്മേളനകണക്കുകൾ സൂചിപ്പിക്കുന്നു. മദ്യസൽക്കാരത്തിനും കലാപരിപാടികൾക്കും അലങ്കാരപ്പണികൾക്കുമായി ലക്ഷങ്ങൾ വേറെയും ചെലവാകും. പൊലീസ് വകുപ്പ് സ്വകാര്യസ്ഥാപനങ്ങളുടെ സ്പോൺസർഷിപ് വാങ്ങരുതെന്നാണ് ചട്ടം. എന്നാൽ, വൻകിട സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് പരിപാടി. ഇത്തരം സാമ്പത്തികസഹായങ്ങളെക്കുറിച്ച് ജേക്കബ് തോമസ് വിജിലൻസ് മേധാവിയായിരിക്കെ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തൽസ്ഥാനത്ത് ലോക്നാഥ് െബഹ്റ എത്തിയതോടെ കേസ് എഴുതിത്തള്ളി. സ്വകാര്യ സ്പോൺസർഷിപ്പിലൂടെ നടത്തുന്ന സമ്മേളനം നിയമവിരുദ്ധമാണെന്ന് കാട്ടി എക്‌സൈസ് കമീഷണർ ഋഷിരാജ് സിങ്ങും അന്ന് െബഹ്റക്ക് പരാതി നൽകി. എന്നാൽ, നടപടിയുണ്ടായില്ല. കേരള പൊലീസിന് സാങ്കേതികപരിജ്ഞാനം നല്‍കാനാണ് പരിപാടിയെന്ന് വാദമുണ്ട്. എന്നാൽ, നാളിതുവരെയുള്ള സമ്മേളനങ്ങൾകൊണ്ട് സേനക്ക് എന്തെങ്കിലും ഗുണമുണ്ടായോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ 2016 ലെ ഉദ്ഘാടനവേദിയിൽെവച്ച് പൊലീസ് നേതൃത്വത്തോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച ടെക്നോപാർക്കിൽ നടൻ പൃഥ്വിരാജാണ് സമ്മേളന പ്രചാരണപരിപാടികൾക്ക് തുടക്കംകുറിക്കുന്നത്. അതേസമയം, ഇത്തരമൊരു സമ്മേളനത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ 'മാധ്യമ'ത്തോട് പറഞ്ഞു. -അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.