തീർഥാടനകാലത്ത്​ പമ്പയിലേക്ക്​ കേരള വാഹനങ്ങളും കടത്തിവിടില്ല നിലക്കലിൽനിന്ന്​ കെ.എസ്​.ആർ.ടി.സി ബസിൽ എത്തണം

ശബരിമല: നവംബറിൽ തുടങ്ങുന്ന ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ നിലക്കൽനിന്ന് പമ്പയിലേക്ക് കേരളത്തിൽനിന്നുള്ള തീർഥാടകരുടെ വാഹനങ്ങളും കടത്തിവിടേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. പമ്പയിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് പൂർണമായും ഒഴിവാക്കും. എല്ലാ വാഹനങ്ങളും നിലക്കലിൽ പാർക്ക് ചെയ്ത ശേഷം തീർഥാടകർ കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിൽ എത്തണം. ഇപ്പോൾ ഇതര സംസ്ഥാന തീർഥാടകരുടെ വാഹനങ്ങൾ മാത്രമാണ് നിലക്കലിൽ പാർക്ക് ചെയ്യുന്നത്. ഇവർ പമ്പയിൽ ആളെ ഇറക്കിയ ശേഷം മടങ്ങിയെത്തി നിലക്കലിൽ പാർക്ക് ചെയ്യുന്ന രീതിയാണ് തുടർന്നുവന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗമാണ് തീരുമാനങ്ങൾ ൈകക്കൊണ്ടത്. പമ്പയും നിലക്കലും തമ്മിൽ 20 കി.മീ. ദൂരമാണുള്ളത്. നിലക്കലിൽനിന്ന് പമ്പയിലേക്ക് ഭക്തരെ കെ.എസ്.ആർ.ടി.സി ബസുകളിൽ കൊണ്ടുപോകും. ഇതിനായി 250 ബസുകൾ കണ്ടക്ടർ ഇല്ലാതെ സർവിസ് നടത്തും. ഭക്തർക്ക് യാത്രക്ക് കൂപ്പൺ നൽകുമെന്ന് മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടെയും യോഗം എത്രയും വേഗം വിളിച്ചുചേർക്കും. പ്രളയത്തെ തുടർന്ന് പമ്പയിലും ത്രിവേണിയിലുമായി അടിഞ്ഞ മണ്ണുമാറ്റുന്നതിലെ നിയമ തടസ്സം ഒഴിവാക്കാൻ ഹൈകോടതിയെ സമീപിക്കും. പുല്ലുമേടുവഴി കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത പരിഗണിച്ച് സൗകര്യം ഒരുക്കും. പമ്പയിൽ നടപ്പന്തൽ തകർന്നതിനാൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ താൽക്കാലിക നടപ്പന്തലും ബാരിക്കേഡും ഒരുക്കും. പമ്പയിലെ ആശുപത്രിയിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്ത് പ്രവർത്തന സജ്ജമാക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. വിവിധ വകുപ്പുകൾ സഹകരിച്ച് ശബരിമലയിലെ പ്രവർത്തനം സമയബന്ധിതമായി നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. പമ്പ ഹിൽ പോയൻറിൽ തുടങ്ങി ഗണപതി ക്ഷേത്രംവരെ നീളുന്ന സ്ഥിരം പാലം നിർമിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ എം.എൽ.എമാരായ രാജു എബ്രഹാം, പി.സി. ജോർജ്, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം കമീഷണർ എൻ. വാസു, എ.ഡി.ജി.പി അനിൽ കാന്ത്, ഐ.ജി മനോജ് എബ്രഹാം, എസ്.പിമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.