പ്രളയം: ജനം അതിജീവനപാതയിൽ; ആശയക്കുഴപ്പം ബാക്കി

കോട്ടയം: വെള്ളമിറങ്ങിയതോടെ പടിഞ്ഞാറൻ മേഖല അതിജീവനപാതയിൽ. രണ്ടാഴ്ചത്തെ ദുരിതത്തിനു നേരിയ ശമനമുണ്ടായെങ്കിലും സർക്കാർ ധനസഹായം കിട്ടുന്നതടക്കം കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ദുരിതബാധിതർക്കുള്ള 10,000 രൂപ സഹായം ഇനിയും അർഹരുടെ കൈകളിൽ എത്തിയിട്ടില്ല. കണക്കനുസരിച്ച് 90,000 പേർക്കാണ് സർക്കാറി​െൻറ അടിയന്തരസഹായം കിേട്ടണ്ടത്. വെള്ളമിറങ്ങിയതോടെ ക്യാമ്പുകളിൽനിന്ന് മടങ്ങിയവർ അത്യാവശ്യകാര്യങ്ങൾക്ക് തുക വിനിയോഗിക്കാമെന്ന പ്രതീക്ഷയിലാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, ആശയക്കുഴപ്പത്തിനൊപ്പം നടപടിക്രമങ്ങളിലെ കാലതാമസവും സഹായവിതരണത്തിനു തടസ്സമാകുന്നു. വീട്ടിലെത്തി ജീവിതം തുടങ്ങിയിട്ടും പലരുടെയും അക്കൗണ്ടിലേക്ക് പണമെത്തിയിട്ടില്ല. വില്ലേജ് ഒാഫിസ് തലത്തിലുള്ള കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ക്യാമ്പിൽനിന്ന് പുതുജീവിതം തുടങ്ങാൻ വീടുകളിലേക്ക് ചേക്കേറിയവരുടെ ജീവിതം ദുരിതപൂർണമാണ്. സർക്കാർ സഹായം കിട്ടാത്തതിനാൽ അവശ്യസാധനങ്ങൾപോലും പലർക്കും വാങ്ങാനായിട്ടില്ല. സ്കൂൾ തുറന്നതോടെ എലിപ്പനിയടക്കം രോഗഭീതിയും ആശങ്കപരത്തുകയാണ്. ക്യാമ്പുകളിൽ സന്നദ്ധസംഘടനകളുടെയും സർക്കാറി​െൻറയും സജീവസാന്നിധ്യവും സഹായവും കിട്ടിയിരുന്നു. എന്നാൽ, വീടുകളിലേക്ക് മാറിയതോടെ ഒന്നും കിട്ടാത്ത സ്ഥിതിയുണ്ട്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്വാധീനവും ഇടപെടലും നിമിത്തം നിരവധി അനർഹരും ആശ്വാസധന പട്ടികയിൽ കടന്നുകൂടുന്നുണ്ട്. വെള്ളപ്പൊക്കകാലത്ത് എത്താൻ കഴിയാത്ത പടിഞ്ഞാറൻമേഖലയിൽ വെള്ളം ഇറങ്ങിയപ്പോൾ നടത്തുന്ന പരിശോധന കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. ഏതൊക്കെ വീടുകളാണ് വെള്ളംകയറി താമസയോഗ്യമല്ലാത്തതെന്നും വീട്ടിൽനിന്ന് മാറിതാമസിക്കേണ്ട സാഹചര്യമുണ്ടോയെന്നും കണ്ടെത്തുക പ്രയാസകരമാണ്. പ്രളയക്കെടുതിയിൽപെട്ട കുടുംബങ്ങളെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നത് ബൂത്ത് ലെവൽ ഓഫിസർമാരാണ്. ജില്ലയിൽ1411 ബൂത്ത് ലെവൽ ഓഫിസർമാരാണ് ഉള്ളത്. 600 മുതൽ 1400വരെയുള്ള വീടുകളാണ് ഒരു ബി.എൽ.ഒയുടെ പരിധിയിൽവരുന്നത്. രണ്ടുതവണ പ്രളയമുണ്ടായതിനാൽ ധനസഹായവിതരണത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ആദ്യപ്രളയത്തിൽ 10,000ത്തിലധികം അപേക്ഷയിൽ 7,000പേർക്ക് 3,800 രൂപവീതം നൽകിയഘട്ടത്തിലാണ് രണ്ടാംപ്രളയമെത്തിയത്. ഇതോടെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാൽ വീട്ടിൽനിന്ന് രണ്ടുദിവസം മാറിനിൽക്കേണ്ടി വന്നവർക്കെല്ലാം അടിയന്തര ധനസഹായമായി 10,000 രൂപ നൽകുമെന്ന പ്രഖ്യാപനമെത്തി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 3800രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6200 രൂപയും ചേർത്താണിത്. ഇതോടെ, ആദ്യഘട്ടത്തിൽ തുക ലഭിച്ചവർക്കുപോലും 6,200 രൂപ വീണ്ടും നൽണം. എന്നാൽ, ധനസഹായം വാങ്ങിയവരെ ഒഴിവാക്കി വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലാണ് പലരും വീണ്ടും സഹായത്തിന് അപേക്ഷിച്ചത്. രേഖകൾ ജലമെടുത്തതിനാൽ നൽകിയ അക്കൗണ്ട് നമ്പറുകൾ തെറ്റുന്നതും വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.