തൊടുപുഴ: പ്രളയദുരിതത്തിനുശേഷം കരകയറാനൊരുങ്ങുന്ന ജനങ്ങളെ ഭീതിയിലാഴ്ത്തി ജില്ലയിൽ എലിപ്പനി. തിങ്കളാഴ്ച മൂന്ന് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതുവരെ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 16 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നടപടിയുമായി രംഗത്തെത്തി. വണ്ടിപ്പെരിയാർ, മരിയാപുരം, അടിമാലി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. കാഞ്ചിയാർ, കട്ടപ്പന, വെള്ളത്തൂവൽ, തൊടുപുഴ എന്നിവിടങ്ങളിലാണ് പനി ബാധിച്ചതായി സംശയിക്കുന്നവർ ചികിത്സയിൽ കഴിയുന്നത്. പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പലയിടത്തും എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. ജില്ലയിലാകമാനം കാലവർഷക്കെടുതിയിൽ കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെ ജലാശയങ്ങളും വാസസ്ഥലങ്ങളും മണ്ണും ചളിയും മാലിന്യവും അടിഞ്ഞ് മലിനമാക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ശുചീകരണം നടത്തി. പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലിനജലസമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് എലിപ്പനി പ്രതിരോധ മരുന്ന് നൽകി വരുന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കുമ്മായവും ബ്ലീച്ചിങ്ങ് പൗഡറും വിതറുന്നതിന് നടപടി സ്വീകരിക്കും. പനി, ശരീരവേദന എന്നിവയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പനി ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് വരുന്നവർക്ക് എലിപ്പനി പ്രതിരോധ മരുന്നുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ -സ്വകാര്യ ഡോക്ടർമാർക്ക് രണ്ടു ദിവസമായി പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. ഇത് സംബന്ധിച്ച ചികിത്സാ മാർഗനിർദേശങ്ങളും പുറത്തിറങ്ങിയതായി അധികൃതർ പറഞ്ഞു. മൂലമറ്റം സെൻറ് ജോസഫ്‌സ് കോളജിന് നാക് എ ഗ്രേഡ് തൊടുപുഴ: മൂലമറ്റം സെൻറ് ജോസഫ്‌സ് കോളജിന് നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചതായി കോളജ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 2017ൽ നവീകരിച്ച ഗ്രേഡിങ് രീതിയിൽ കേരളത്തിലെ ഒരു കലാലയത്തിന് ആദ്യമായാണ് എ ഗ്രേഡ് ലഭിക്കുന്നത്. 1981ൽ പ്രവർത്തനം ആരംഭിച്ച കോളജിന് ബി ഗ്രേഡ് അക്രഡിറ്റേഷനായിരുന്നു ഉണ്ടായിരുന്നത്. ജൂൈല 12, 13 തീയതികളിലാണ് നാക് സംഘം കോളജിൽ പരിശോധനക്ക് എത്തിയത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ ലഭ്യത, ഗവേഷണ പ്രവർത്തനങ്ങളുടെ മികവ്, അനുബന്ധ പ്രസിദ്ധീകരണങ്ങൾ, വിവിധ ക്ലബുകളുടെ പ്രവർത്തനം, സ്മാർട്ട് ക്ലാസുകൾ, നവീന കോഴ്‌സുകൾ, കമ്പ്യൂട്ടർവത്കരണം തുടങ്ങിയവ വിലയിരുത്തി. വെർമി കമ്പോസ്റ്റ് നിർമാണം, ഹെർബൽ ഗാർഡൻ, മഴവെള്ള സംഭരണി, പ്ലാസ്റ്റിക്മുക്ത ക്യാമ്പ് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ വർക്ക് ഡിപ്പാർട്മെൻറിെൻറ ആദിവാസി ഗ്രാമങ്ങൾ ദത്തെടുക്കൽ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ, കെമിസ്ട്രി, മലയാളം വിഭാഗങ്ങളിലെ ഗവേഷണ പ്രബന്ധങ്ങൾ, ഫിസിക്‌സ് വിഭാഗത്തിലെ എൽ.ഇ.ഡി ബൾബ് നിർമാണം എന്നിവയും നാക് സംഘത്തിൽ മതിപ്പുളവാക്കി. ഡി.ആർ.സി ടെസ്റ്റിങ്, മണ്ണ്-ജല പരിശോധനകൾ, സാഹിത്യവേദിയുടെ അഞ്ഞൂറിലധികം ൈകയെഴുത്ത് മാസികകൾ തുടങ്ങിവയും നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നും അധികൃതർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഫാ.ജോസ് നെടുമ്പാറ, ബർസാർ ഫാ. ജോബിൻ തയ്യിൽ, ഡോ. സാംകുട്ടി, ജോസ് ജയിംസ്, വിനു വളോപ്പുരയിടം എന്നിവർ പങ്കെടുത്തു. ബസുകൾ ഒാടിയത് കാരുണ്യവഴിയിലൂടെ തൊടുപുഴ: പ്രളയദുരിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കായി ജില്ലയിലെ മുന്നൂറോളം ബസുകൾ തിങ്കളാഴ്ച സർവിസ് നടത്തിയത് കാരുണ്യവഴിയിലൂടെ. ഇവരുടെ കലക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. തിങ്കളാഴ്ച ബസുകളിൽ കയറിയ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയില്ല. പകരം ബക്കറ്റുമായാണ് ജീവനക്കാർ യാത്രക്കാരെ സമീപിച്ചത്. ടിക്കറ്റ് തുകയോ സാധിക്കുന്നവർ അതിലധികമോ തുക സഹായമായി നൽകാനായിരുന്നു അഭ്യർഥന. ആളുകളിൽ പലരും ടിക്കറ്റ് ചാർജിനെക്കാൾ അധികം തുക നൽകിയതായി ജീവനക്കാർ പറഞ്ഞു. ചില വിദ്യാർഥികളും കൺെസഷൻ ഒഴിവാക്കി കഴിയുംവിധം സഹായം ബക്കറ്റുകളിൽ നിക്ഷേപിച്ചു. കലക്ഷനിൽനിന്ന് ചെലവ് കിഴിച്ചുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. ചില തൊഴിലാളികൾ കൂലി വാങ്ങാതെയാണ് ജോലി ചെയ്തത്. സമാഹരിക്കുന്ന തുക അടുത്തദിവസം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഇടുക്കി ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് തൂഫാൻ തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.