പത്തനംതിട്ട: രണ്ട് മാസത്തേക്കെങ്കിലും ജില്ലയിലെ എല്ലാ കാർഡുടമകൾക്കും സൗജന്യ റേഷൻ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഭക്ഷ്യവകുപ്പും സിവിൽ സപ്ലൈസ് ഡയറക്ടറും ഇതിന് നടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാറിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്യാമ്പുകളിൽ താമസിക്കുന്നവരുടെയും കെടുതിയിലായവരുടെയും കിണറുകൾ റീചാർജ് ചെയ്യാൻ അടിയന്തര നടപടി തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം സർക്കാർ അനുവദിക്കണം. പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ, റേഷൻ, വോട്ടർ കാർഡുകളും ഭൂരേഖകളും ലഭിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കണം. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അദാലത്തുകൾ സംഘടിപ്പിക്കണം. നഷ്ടകണക്കുകൾ കാലികവും പ്രായോഗികവുമായി കണ്ടെത്തി സത്വര നടപടി സ്വീകരിക്കണം. വളർത്തുമൃഗങ്ങൾ, പക്ഷികൾ, വീട്ടുപകരണങ്ങൾ എന്നിവ നഷ്ടമായവർക്ക് ആശ്വാസമെത്തിക്കണം. ജില്ലയിലെ പൊതുജനോപകാര കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, ടെലിഫോൺ കണക്ഷനുകൾ പുനഃസ്ഥാപിക്കണം. വഴികളിലെ ചളി ഒഴിവാക്കണം. മൃഗങ്ങളുടെ ശവശരീരം മറവുചെയ്യാൻ നടപടിയെടുക്കണം. ലഭ്യമാകാത്ത അത്യാവശ്യസാധനങ്ങൾ, മരുന്ന്, വസ്ത്രം എന്നിവ വാങ്ങാനും അടിയന്തരാവശ്യങ്ങൾ നിറവേറ്റാനും മതിയായ തുക ക്യാമ്പുകളിലെ ചുമതലക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.