റാന്നി: പ്രളയജലം ഒഴിഞ്ഞതോടെ പമ്പാനദി മെലിഞ്ഞ് വറ്റിത്തുടങ്ങി. കരയില്‍ ചളി അടിഞ്ഞതോടെ നീരൊഴുക്ക് നദിയുടെ മധ്യഭാഗത്ത് മാത്രമായി. പമ്പാനദി വറ്റിവരണ്ടത് ചളി അടിഞ്ഞ് സ്വാഭാവിക ഉറവക്കണ്ണികള്‍ അടഞ്ഞതോടെയെന്നാണ് നിഗമനം. വെള്ളമില്ലാത്തതിനാല്‍ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. കുടിവെള്ളം ഇല്ലാതെ തീരമേഖലയില്‍ ജനങ്ങള്‍ ദുരിതത്തിൽ. പത്തുദിവസം മുമ്പ് വെള്ളം കയറിയതുമൂലം ജനങ്ങള്‍ നെട്ടോട്ടമോടിയെങ്കില്‍ ഇപ്പോള്‍ കുടിവെള്ളത്തിനായാണ് പരക്കംപാച്ചിൽ. തീരദേശങ്ങളിലെ കിണറുകള്‍ ഇടിഞ്ഞുതാഴുന്ന അവസ്ഥയും ഉണ്ട്. റാന്നിയില്‍ മൂന്നോളം കിണറുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇടിഞ്ഞുതാഴ്ന്നു. പ്രളയസമയത്ത് കിണറുകള്‍ മലിനമായതിനാല്‍ വന്‍ വിലകൊടുത്ത് ജനങ്ങള്‍ കുടിവെള്ളം വാങ്ങുകയായിരുന്നു. ഇപ്പോള്‍ മാലിന്യവും ചളിയും നീക്കി ക്ലോറിനേറ്റ് ചെയ്ത കിണറുകളിലാണ് വെള്ളമില്ലാത്ത അവസ്ഥ. തോടുകള്‍ വറ്റിവരണ്ടു. ചെറിയ നീര്‍ച്ചാലുകളും ഓലികളുമാണ് ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. പ്രളയജലത്തില്‍ മുങ്ങിയ പല കുടിവെള്ള പദ്ധതികളും പൂര്‍ണ സജ്ജമായിട്ടില്ല. പെരുന്തേനരുവി പദ്ധതിയാണ് നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മറ്റുള്ളവ മോട്ടോറുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതേയുള്ളൂ. പ്രളയശേഷം പമ്പയുടെ തീരങ്ങളില്‍ വന്‍തോതിലാണ് എക്കലടിഞ്ഞത്. ഇത് ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.