257 അപേക്ഷകള്‍ ലഭിച്ചു തൊടുപുഴ: പ്രകൃതിക്ഷോഭത്തില്‍ അവശ്യരേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊര്‍ജിതമാക്കി. ഇതുവരെയുള്ള നടപടികള്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ വിവിധ വകുപ്പുതലവന്മാരുടെ യോഗത്തില്‍ അവലോകനം ചെയ്തു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നഷ്ടപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കാന്‍ ആത്മാർഥമായ പരിശ്രമം നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദുരിതബാധിത സമയത്ത് കലക്ടർ കെ. ജീവൻ ബാബുവിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ കാര്യക്ഷമവും സജീവവുമായ ഇടപെടല്‍ ജില്ലയുടെ പുനര്‍നിര്‍മിതിക്കായി തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തിനു മുമ്പുള്ള നിലയിലേക്ക് ഇടുക്കിയെ പുനഃസ്ഥാപിക്കുകയല്ല പുതിയ ഇടുക്കിയെ പുനഃസൃഷ്ടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ടവയില്‍ കേരളത്തിനു വെളിയില്‍നിന്ന് ലഭിക്കേണ്ട രേഖകളുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ സെക്രട്ടറിതലത്തില്‍ ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുതലത്തില്‍ നടത്തിയ അദാലത്തിലൂടെ 257 അപേക്ഷകള്‍ ലഭിച്ചതായി കലക്ടർ പറഞ്ഞു. ഇതില്‍ 81 അപേക്ഷകള്‍ വിദ്യാഭ്യാസ രേഖകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടും 29 എണ്ണം വാഹനവുമായും 51 എണ്ണം വോട്ടേഴ്‌സ് തിരിച്ചറിയില്‍ കാര്‍ഡുമായും 31 എണ്ണം റേഷന്‍ കാര്‍ഡുമായും രണ്ടെണ്ണം പട്ടയവുമായും ബാക്കി ബാങ്ക് പാസ് ബുക്ക്, ഇന്‍ഷുറന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയുമായും ബന്ധപ്പെട്ടതാണ്. ഇവ നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഞ്ചായത്തുതലത്തില്‍ ഇവ വിതരണം ചെയ്യും. പ്രകൃതിദുരന്തം നേരിട്ട കുടുംബങ്ങളില്‍നിന്ന് രേഖകള്‍ നഷ്ടപ്പെട്ടതുസംബന്ധിച്ച് കണക്കെടുക്കും. പഞ്ചായത്തുതലത്തില്‍ അപേക്ഷകള്‍ സ്വീകരിച്ച് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് എസ്.എസ്.എൽ.സി ബുക്ക്, ഹയര്‍ സെക്കൻഡറി വകുപ്പില്‍നിന്ന് പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ്, ആർ.സി ബുക്ക്, പെര്‍മിറ്റ്, ടാക്‌സ് രസീത്, റവന്യൂ വകുപ്പില്‍നിന്ന് വോട്ടേഴ്‌സ് തിരിച്ചറിയില്‍ കാര്‍ഡ്, പട്ടയം, കൈവശരേഖ, ആധാർ, സപ്ലൈ ഓഫിസില്‍നിന്ന് റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ വേഗത്തില്‍ നല്‍കാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. ആധാർ, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അക്ഷയവഴി ലഭ്യമാക്കും. ഫീസ് ഈടാക്കാതെ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് നല്‍കാനുള്ള സ്‌കീം ലഭ്യമാണ്. ഒക്ടോബര്‍ 11 വരെ ഇതിനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് നഷ്ടപ്പെെട്ടങ്കില്‍ എഫ്.ഐ.ആര്‍ ആവശ്യമാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ഓഫിസുകളില്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കുമെന്ന് കലക്ടർ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം: ആലോചന യോഗം ഇന്ന് ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍നിന്നുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട ആലോചന യോഗം മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ ചേരും. ജില്ലയുടെ ചുമതല നല്‍കിയിട്ടുള്ള ഡോ. ഇളങ്കോവനും പങ്കെടുക്കും. എല്ലാ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കലക്ടർ അറിയിച്ചു. ഖാദി വ്യവസായം നാശനഷ്ടങ്ങൾ അറിയിക്കണം തൊടുപുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഒാഫിസിെൻറ ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന പി.എം.ഇ.ജി.പി-ആർ.ഇ.ജി.പി യൂനിറ്റുകൾക്ക് പ്രകൃതി ക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ വിശദവിവരങ്ങൾ ഏഴ് ദിവസത്തിനകം ഇടുക്കി ജില്ല ഖാദി ഗ്രാമ വ്യവസായ ഒാഫിസിൽ അറിയിക്കണമെന്ന് േപ്രാജക്ട് ഒാഫിസർ അറിയിച്ചു. ഫോൺ: 04862 222344.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.