കോട്ടയം: പ്രളയമകന്നിട്ടും ദുരിതം വിട്ടുമാറാതെ ഒരു കുടുംബം. 23 വർഷമായി തളർന്നുകിടക്കുന്ന തിരുവല്ല ചാത്തേങ്കരി വളവനാഴി കട്ടത്തറ ജോസും സഹോദരങ്ങളുമാണ് ദുരിതപ്രളയത്തിൽ വലയുന്നത്. ഒറ്റമുറി വീട്ടിലേക്ക് ഇരച്ചെത്തിയ ജലം കട്ടിലിനുമീതേ ഉയർന്നിട്ടും രക്ഷിക്കാൻ ആരും വന്നില്ല. ജീവൻപണയംവെച്ച് മൂത്തസഹോദരൻ അനിയൻ ഒാരോരുത്തരെയും തോളിലേറ്റി കഴുത്തറ്റം വെള്ളത്തിലൂടെയാണ് കരക്കെത്തിച്ചത്. കോമേങ്കരി പാടശേഖരത്തിനും ആറിനും ഇടയിലെ ബണ്ടിലെ ഒാലമേഞ്ഞ കുടിലിലാണ് ഇവരുടെ താമസം. ചെറുപ്രായംമുതൽ കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തിയ 48കാരനായ ജോസിെൻറ ചലനശേഷിയില്ലാതാക്കിയത് കടുത്തപനിയാണ്. കാലുകളും ഒരുകൈയും തളർന്നെങ്കിലും സംസാരത്തിനു തടസ്സമില്ല. പ്രസവസമയത്ത് രോഗംബാധിച്ചതിെൻറ പേരിൽ ഭർത്താവ് ഉപേക്ഷിച്ചുപോയ ഇളയസഹോദരി അന്നമ്മയും രോഗം ബാധിച്ച് ആരോഗ്യം നഷ്ടമായ മേഴ്സിയുടെയും സഹായമാണ് തുണ. സഹോദരൻ അനിയൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുകകൊണ്ട് കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ പല ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും കിടക്കയിൽ വിശ്രമിക്കാനായിരുന്നു ജോസിെൻറ വിധി. പ്രദേശത്ത് വെള്ളം കയറിയതിനാൽ സമീപത്തെ വീട്ടുകാർ ആദ്യം തന്നെ ക്യാമ്പിലേക്ക് പോയി. ചലനമറ്റ ജോസിനെ വിട്ട് വീടൊഴിയാൻ സഹോദരിമാർ ഒരുക്കമല്ലായിരുന്നു. വെള്ളം കൂടുന്നതിനനുസരിച്ച് കട്ടയും പലകയും ഉപയോഗിച്ച് കട്ടിൽ ഉയർത്തിയാണ് േജാസിനെ രക്ഷിച്ചത്. അതിനു മുകളിൽ കസേരയിട്ടായിരുന്നു ഇരുന്നത്. പട്ടിണിയുടെ രുചിയറിഞ്ഞ ദിവസങ്ങളിൽ ഒഴുകിയെത്തിയ ജലം കോരിക്കുടിച്ചാണ് ജീവൻനിലനിർത്തിയത്. സഹായത്തിനായി വള്ളക്കാരെ സമീപിച്ചെങ്കിലും ആരുമെത്തിയില്ല. രക്ഷാമാർഗം അടഞ്ഞതോടെ ചാത്തേങ്കരി-പെരിങ്ങര റോഡിൽ കഴുത്തറ്റം വെള്ളത്തിലൂടെ സഞ്ചരിച്ചാണ് സഹോദരൻ അനിയൻ ഒറ്റപ്പെട്ട പ്രദേശത്ത് എത്തിയത്. നീന്തി വീട്ടിലെത്തിയപ്പോൾ കട്ടിലും കസേരയും ഒഴുക്കിൽ ആടിയുലയുകയായിരുന്നു. പേടിച്ചുവിറച്ച സഹോദരങ്ങളെ ഒാരോരുത്തരെയും തോളിലേറ്റിയുള്ള യാത്രയിൽ നിരവധി തടസ്സങ്ങളും നേരിട്ടു. വെളിച്ചമില്ലാത്തതാണ് പ്രശ്നമായത്. പെരിങ്ങര ഹൈസ്കൂളിനു സമീപമെത്തിയപ്പോൾ മതിലിടിഞ്ഞ് കാലിന് പരിേക്കറ്റു. അതൊന്നും കാര്യമാക്കാതെ ഒമ്പതു മണിക്കൂർ നേരമെടുത്താണ് രക്ഷിച്ചത്. കരയിൽ സഹായത്തിനായി മറ്റൊരു സഹോദരിഭർത്താവ് വെണ്ണിക്കുളം തടിയൂർ സ്വദേശി വിജോയെയും ഒപ്പംകൂട്ടിയിരുന്നു. തിരുവല്ല മാർത്തോമ കോളജിലെ ക്യാമ്പിൽ അഭയംതേടിയിട്ടും കിടപ്പുരോഗിയായതിനാൽ വേണ്ടത്ര പരിഗണന കിട്ടിയില്ല. പിന്നെ ബന്ധുവീട്ടിലായിരുന്നു താമസം. വെള്ളം ഇറങ്ങിയതോടെ തിരിച്ചെത്തിയപ്പോൾ സാധനങ്ങളെല്ലാം ജലമെടുത്തിരുന്നു. സർക്കാർ അടിയന്തരസഹായമായ 10,000 രൂപയും കിറ്റും ഇതുവരെ കിട്ടിയിട്ടില്ല. സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. പി.എസ്. താജുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.