കുട്ടനാടിനെ കരകയറ്റാൻ കോൺഗ്രസ്​ മഹാശുചീകരണം; കൈലിയും ടീഷർട്ട​​ുമിട്ട്​ ഉമ്മൻ ചാണ്ടിയും

േകാട്ടയം: കുട്ടനാടിനെ കരകയറ്റാൻ കോൺഗ്രസ് പ്രവർത്തകരുടെ മഹാശുചീകരണം. കൈലിയും ടീഷർട്ടും തോർത്തും ധരിച്ച് ഉമ്മൻ ചാണ്ടിയും പങ്കാളിയായി. പ്രളയക്കെടുതിയുടെ ദുരിതങ്ങളുടെ കെട്ടഴിച്ചാണ് കാവാലം നിവാസികൾ ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചത്. കണ്ണീരോടെയാണ് വീട്ടമ്മമാര്‍ പ്രളയദുരിതം പങ്കുെവച്ചത്. പ്രളയം തകർത്ത വീടുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പുതുപ്പള്ളിയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിണര്‍ തേകാന്‍ എത്തിയപ്പോള്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന 84കാരിയായ പുത്തന്‍പുരയില്‍ സരസ്വതിയമ്മക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മൻ ചാണ്ടിയെ ഒന്ന് കാണണം. മൂത്തമകളെ വിവാഹം കഴിച്ചയച്ച വകയില്‍ പുതുപ്പള്ളിയുമായി ബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിണര്‍ തേകി വൃത്തിയാക്കിയശേഷം ഇവരുടെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിയെ ആദ്യം സരസ്വതിയമ്മക്ക് മനസ്സിലായില്ല. തിങ്കളാഴ്ച രാവിലെ മുതൽ കാവാലം പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങളിലും സന്ദർശനം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കാവാലത്ത് വെള്ളം കയറി ഉപയോഗശൂന്യമായ നൂറുകണക്കിന് കിണറുകൾ തേകി വൃത്തിയാക്കി. ഇതിൽ സി.പി.എം പ്രാദേശിക നേതാവി​െൻറ വീടും ഉൾപ്പെട്ടിരുന്നു. ക്ഷേത്രക്കുളങ്ങൾ, പൊതുകുളങ്ങൾ, പള്ളി, സ്കൂൾവക കിണറുകൾ തുടങ്ങിവയും കുടിവെള്ള സ്രോതസ്സുകളുമാണ് ശുചീകരിച്ചത്. സ​െൻറ് തെരേസാസ് സ്കൂൾ കെട്ടിടം, വെളിയനാട് എൽ.പി സ്കൂൾ, കാവാലം എൽ.പി സ്കൂൾ, ഗവ. ടെക്നിക്കൽ സ്കൂൾ, ന്യൂ സ​െൻറ് തെരേസാസ് എൽ.പി സ്കൂൾ എന്നിവിടങ്ങളും ശുചീകരിച്ചു. 30ലേറെ മോട്ടോർ പമ്പുകളാണ് ഇതിനു കോട്ടയത്തുനിന്ന് എത്തിച്ചത്. ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച 22 അംഗ മെഡിക്കൽ സംഘവും ഒപ്പമുണ്ടായിരുന്നു. ഡോ. പ്രകാശി​െൻറ നേതൃത്വത്തിൽ ആറ് ഡോക്ടർമാരും 16 പാരാമെഡിക്കൽ അംഗങ്ങളുമാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.