കോട്ടയം: പ്രളയത്തിൽ വേമ്പനാട്ടുകായലിൽ ഒഴുകിയെത്തിയത് താങ്ങാവുന്നതിലധികം മാലിന്യം. ഒാളപ്പരപ്പിലൂടെ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഒഴുകി നടക്കുന്നത്. കോട്ടയം നേച്ചർ സൊസൈറ്റി നടത്തിയ നിരീക്ഷണത്തിൽ 10,000 ടൺ പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് വിലയിരുത്തിയത്. ഇത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പുഴയോരത്തെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങളുടെ മാലിന്യനിക്ഷേപം നേരത്തേതന്നെ കായലോരത്താണ്. ഇതിനു പുറമെയാണ് പ്രളയത്തിനൊപ്പം എത്തിയ മാലിന്യം. ഖര-രാസ-ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കുന്നുകൂടിയിട്ടുണ്ട്. പ്രളയത്തിൽ കിലോമീറ്ററുകളോളം നദികൾ കരവിഞ്ഞൊഴുകി കരയിൽനിന്ന് വലിച്ചെടുത്ത പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യവും വേമ്പനാട്ടുകായലിലാണ് വന്നടിഞ്ഞത്. ആറുകൾ കരകവിഞ്ഞൊഴുകിയതോടെ നദിയോട് ചേർന്ന തോടുകളിലും തരിശുപാടങ്ങളിലും തള്ളിയ ടൺകണക്കിനു മാലിന്യമാണ് വലിച്ചെടുത്തത്. കൈപ്പുഴമുട്ട് പാലത്തിനു സമീപവും വേമ്പനാട്ടുകായലിലെ വിവിധതീരങ്ങളിലുമാണ് പ്ലാസ്റ്റിക് മാലിന്യം കൂടുതലായി വന്നടിഞ്ഞിരിക്കുന്നത്. ഈ മാലിന്യം മത്സ്യങ്ങളുടെ ഉള്ളിലെത്തുക വഴി മനുഷ്യരിലേക്ക് അർബുദം അടക്കമുള്ള രോഗം എത്താനുള്ള സാധ്യതയുണ്ടെന്ന് കോട്ടയം നേച്ചർ സൊസൈറ്റി പ്രഡിഡൻറ് ഡോ. ബി. ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.