കുമളി: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചതോടെ തേക്കടി വിനോദ സഞ്ചാര രംഗത്ത് ലക്ഷങ്ങളുടെ നഷ്ടം. പ്രളയത്തെ തുടർന്ന് ജില്ലയിലെ വിനോദസഞ്ചാരത്തിന് കലക്ടർ വിലക്കേർപ്പെടുത്തിയതോടെ തേക്കടി വിജനമായി. തേക്കടി, കുമളി, അണക്കര മേഖലകളിൽ വിനോദ സഞ്ചാരികളെ കാത്ത് നിരവധി സ്ഥാപനങ്ങളാണുള്ളത്. കോടികൾ ചെലവഴിച്ച് നിർമിച്ച റിസോർട്ടുകൾ, ചെറുകിട ഹോം സ്റ്റേകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവയെല്ലാം ആഴ്ചകളായി ആളൊഴിഞ്ഞുകിടക്കുന്നു. സഞ്ചാരികൾക്കായി വാഹനങ്ങൾ ഒാടുന്നില്ല. കലാപരിപാടികൾ നടക്കുന്നില്ല. ഈ മേഖലകളിലെ തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യാപാര സ്ഥാപനങ്ങളിലും തിരക്കൊഴിഞ്ഞു. ജില്ലയിലെ റോഡുകൾ തകർന്നതാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയിലെ പ്രധാന വെല്ലുവിളി. തേക്കടിയിലെ ബോട്ട് സവാരിയും വനംവകുപ്പിെൻറ ഇക്കോ ടൂറിസം പരിപാടികളും നിർത്തിവെച്ചു. കെ.ടി.ഡി.സി ഹോട്ടലുകളിലും സഞ്ചാരികളില്ലാതായി. ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വിലക്ക് നീണ്ടാൽ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇത് വിനോദ സഞ്ചാര മേഖലയുടെ തകർച്ചക്ക് വഴിയൊരുക്കും. വള്ളക്കടവ് നടപ്പാലം നാട്ടുകാർ കാൽനട യോഗ്യമാക്കി രാജാക്കാട്: പന്നിയാർകുട്ടിയിൽ പ്രളയം തകർത്തെറിഞ്ഞ വള്ളക്കടവ് നടപ്പാലം കമുകും ഇല്ലിയും നിരത്തി നാട്ടുകാർ കാൽനട യോഗ്യമാക്കി. മാട്ടുപ്പെട്ടി പൊന്മുടി ഡാമുകൾ ഒരേസമയം തുറന്നുവിട്ടതിനെത്തുടർന്ന് നടപ്പാലത്തിൽ പത്തടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. 17ന് പന്നിയാർകുട്ടിയെ തകർത്ത ഉരുൾപൊട്ടലിനെത്തുടർന്ന് ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മരങ്ങളും ഇടിച്ച് മേൽത്തട്ടിലെ കോൺക്രീറ്റ് ഒഴുകിപ്പോയി. ഇരുപത് അടിയോളം ഉയരമുണ്ടായിരുന്ന പാലത്തിെൻറ അടിയിൽ പത്തടിയിലേറെ ഉയരത്തിൽ ചെളിയും മറ്റും വന്നടിഞ്ഞു. വെള്ളത്തൂവൽ പഞ്ചായത്തിലെ പോത്തുപാറ ഭാഗങ്ങളിൽ ഉള്ളവർക്ക് മറുകരയിലൂടെ കടന്നു പോകുന്ന രാജാക്കാട്- അടിമാലി സംസ്ഥാന പാതയിൽ എത്താൻ ഈ നടപ്പാലം മാത്രമാണ് ഉള്ളത്. പാലം തകർന്നതോടെ പന്നിയാർകുട്ടി, അടിമാലി, എൻ.ആർ സിറ്റി, രാജാക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പുറം ലോകത്ത് എത്താൻ മാർഗമില്ലാതായി. മരുന്നും നിത്യോപയോഗ സാധനങ്ങളും വാങ്ങാൻ ഉരുൾപൊട്ടലിൽ തകർന്ന റോഡിലൂടെ നാല് കിലോമീറ്ററോളം കാൽനടയായി എല്ലക്കല്ലിൽ എത്തേണ്ട ഗതികേടിലായി. പുഴയിലെ വെള്ളമിറങ്ങിയ ഉടൻ നാട്ടുകാർ പാലത്തിെൻറ കാലുകളിൽ തട്ടിനിന്നിരുന്ന മരങ്ങൾ ഉൾപ്പെടെ നീക്കി നീരൊഴുക്ക് സുഗമമാക്കി. കമുകും ഇല്ലിയും ഉപയോഗിച്ച് നടക്കാൻ സൗകര്യമുണ്ടാക്കി. രണ്ട് ദിവസം കൊണ്ടാണ് താൽക്കാലിക പാലം നിർമിച്ചത്. അപായസാധ്യത ഒഴിവാക്കാൻ ഇരുമ്പ് കേഡറുകൾ ഉപയോഗിച്ച് താൽക്കാലിക നടപ്പാലം നിർമിക്കണമെന്നും മുതിരപ്പുഴക്ക് കുറുകെ വെള്ളത്തൂവൽ, രാജാക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതിയ കോൺക്രീറ്റ് പാലം പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.