പ്രളയം: ഏലം വില ഉയരുന്നു; ഇനിയും വർധിക്കുമെന്ന്​ സൂചന

ഇടുക്കി: പ്രളയവും ഉരുൾപൊട്ടലും കനത്ത നാശം വിതച്ചതോടെ ഉൽപാദനം ഇടിയുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ ഏലം വില ഉയരുന്നു. കട്ടപ്പന കമ്പോളത്തിൽ രണ്ടാഴ്ചക്കിടെ ഏലത്തി​െൻറ ശരാശരി വിലയിൽ 100 മുതൽ 200 രൂപയുടെ വരെ വർധനയുണ്ടായി. കാലവർഷത്തിൽ ഏലച്ചെടികൾ നശിച്ചതിനൊപ്പം അഴുകലും വർധിച്ചു. ഉൽപാദനത്തിൽ 50 ശതമാനത്തി​െൻറ ഇടിവുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിലും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. സുഗന്ധഗിരി സ്പൈസസ് ആൻഡ് പ്രമോട്ടേഴ്സ് കമ്പനിയുടെ 30ന് നടന്ന ഇ-ലേലത്തിൽ 1,02,553 കിലോ ഏലക്ക വിൽപനക്കായി പതിഞ്ഞതിൽ 1,00,385 കിലോ വിറ്റുപോയപ്പോൾ കൂടിയ വില 1512 രൂപയും ശരാശരി വില 1222.99 രൂപയും ലഭിച്ചു. 29ന് വണ്ടന്മേട് ഗ്രീൻ ഗോൾഡ് മാർക്കറ്റിങ് കമ്പനിയുടെ ലേലത്തിൽ 1,18,716 കിലോ വിൽപനക്ക് പതിഞ്ഞതിൽ 1,18,716 കിലോയും വിറ്റുപോയി. കൂടിയ വില 1578 രൂപയും ശരാശരി വില 1307.42 രൂപയുമാണ് കർഷകർക്ക് കിട്ടിയത്. വിലവർധന നീണ്ടുനിൽക്കുമെന്നും ഇനിയും ഉയരുമെന്നും സൂചനയാണ് വ്യാപാരികൾ നൽകുന്നത്. ഏലം ഇ-ലേലത്തിലെ പണമിടപാടുകൾ പൂർണമായി ഓൺലൈൻ ആക്കാനുള്ള ശ്രമം പുരോഗമിക്കുന്നതും വിപണിയിൽ ഉണർവായിട്ടുണ്ട്. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ജൂൺ രണ്ടാംവാരം 700-800 രേഖപ്പെടുത്തിയിരുന്ന ഏലക്കയുടെ വില ഈയാഴ്ച പകുതിയായപ്പോഴേക്കും 1300-1500 രൂപയായി ഉയർന്നു. കാലാവസ്ഥ അനുകൂലമായതിനാൽ ഈ സീസണിൽ തോട്ടങ്ങളിൽനിന്ന് മികച്ച വിളവാണ് കർഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മഴയും കാറ്റും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപക കൃഷിനാശത്തിന് വഴിയൊരുക്കി. ഹെക്ടർ കണക്കിന് ഏലമാണ് ഒടിഞ്ഞുനശിച്ചത്. ഏലക്ക വിപണിയിലെ മാന്ദ്യത്തിനിടെയാണ് കാലവർഷം നാശം വിതച്ചത്. അതോടെ വില പെട്ടെന്ന് ഉയരുകയായിരുന്നു. ഏലം വ്യാപകമായി കൃഷി ചെയ്യുന്ന മേഖലകളിൽ എല്ലാം വൻനാശമുണ്ടായി. കർഷകന് നൽകുന്ന പണവും ലേലം നടത്തുന്നയാളുടെ കമീഷനും പൂർണമായും ബാങ്കി​െൻറ സ്പൈസസ് ബോർഡ് സെറ്റിൽമ​െൻറ് അക്കൗണ്ട് വഴി നൽകുന്നതാണ് ഒാൺലൈൻ പേമ​െൻറ് പദ്ധതി. ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞാൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുകയും കർഷകരുടെ ഉൽപന്നങ്ങൾക്ക് അർഹമായ തുക ഉടൻ അക്കൗണ്ടിൽ ലഭ്യമാകുകയും ചെയ്യും. വൈകാതെ ഇത് നടപ്പാകുമെന്നതും വില ഉയരുമെന്ന പ്രതീക്ഷക്ക് ബലമേകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.