കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിയെ പുറത്താക്കാൻ കോൺഗ്രസിനൊപ്പം ചേർന്ന ബി.ജെ.പി പഞ്ചായത്തംഗങ്ങളെ പാർട്ടിയിൽനിന്ന് സസ്പെൻഡു ചെയ്തു. മഹിളമോർച്ച ജില്ല ജനറൽ സെക്രട്ടറി സുമാ മുകുന്ദൻ, അംഗം ടി.വി. ജയശ്രീ എന്നിവരെയാണ് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി സസ്പെൻഡ് ചെയ്തത്. ബി.ജെ.പിയുടെ മൂന്നും ബി.ഡി.ജെ.എസിെൻറ ഒരംഗവും ഉൾപ്പെടെ നാല് അംഗങ്ങളാണ് എൻ.ഡി.എക്കുള്ളത്. ഇതിൽ ബി.ഡി.ജെ.എസ് അംഗവും അവിശ്വാസപ്രമേയത്തെ പിന്തുണച്ചിരുന്നു. വ്യാഴാഴ്ച നടന്ന അവിശ്വാസപ്രമേയത്തിൽ പ്രസിഡൻറ് സുനിൽകുമാർ (സി.പി.എം), വൈസ് പ്രസിഡൻറ് അനില വിജു എന്നിവർക്കാണ് സ്ഥാനം നഷ്ടപ്പെട്ടത്. മുമ്പ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങൾ വോട്ട് ചെയ്യാതെയിരുന്നതോടയാണ് സുനിലും അനിലയും തെരഞ്ഞെടുക്കപ്പെട്ടത്. വ്യാഴാഴ്ച നടന്ന അവിശ്വാസത്തിൽനിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു ബി.ജെ.പി ജില്ല നേതൃത്വം നൽകിയ വിപ്പ്. എന്നാൽ, ബി.ജെ.പിയുടെ ഒരു അംഗം മാത്രമാണ് വിപ്പ് അനുസരിച്ച് വിട്ടുനിന്നത്. 23 അംഗ ഭരണസമിതിയിൽ പത്തിനെതിരേ 12 വോട്ടിനാണ് അവിശ്വാസം വിജയിച്ചത്. എൽ.ഡി.എഫ് -10 (സി.പി.എം-എട്ട്, സി.പി.ഐ-രണ്ട്) യു.ഡി.എഫ്-ഒമ്പത് (കോൺഗ്രസ് -ഒമ്പത്) എൻ.ഡി.എ-നാല് (ബി.ജെ.പി -മൂന്ന്, ബി.ഡി.ജെ.എസ് -ഒന്ന്) എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ബി.ജെ.പിക്കുള്ളിൽ ചേരിതിരിവിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത അച്ചടക്ക നടപടികൾക്കാണ് നേതൃത്വം ലക്ഷ്യമിടുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ സഹായിക്കുന്ന നിലപാട് വേണ്ടെന്നതിനാലാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ചതെന്നാണ് ബി.ജെ.പി നേതൃത്വത്തിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.