പത്തനംതിട്ട: പറഞ്ഞാൽ പോര കണ്ടുതന്നെ അറിയണം അപ്പർ കുട്ടനാട്ടിലെ ദുരിതത്തിെൻറ ആഴം. ഉൾനാടൻ പ്രദേശങ്ങളിൽ ഇനിയും ശുചീകരണം എത്തിയിട്ടില്ല. വ്യാഴാഴ്ച ശുചീകരണം ഭാഗിക സമാപനമേ ആയുള്ളൂ. ഇനിയും നിരവധി വീടുകൾ അവശേഷിക്കുന്നതിനാൽ വരും ദിവസങ്ങളിലും ശുചീകരണം തുടരാനാണ് സംഘടനകളുടെ തീരുമാനം. നിരണം, പെരിങ്ങര, നെടുമ്പ്രം, കടപ്ര ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന അപ്പർകുട്ടനാട് മേഖലയിലെ പല തുരുത്തുകളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. പ്രളയത്തിൽ പ്രദേശം മുഴുവൻ മുങ്ങിയതിനാൽ വീടുകളിലെത്തി താമസം തുടങ്ങാറായിട്ടില്ല. സാധനങ്ങളില്ല, വാങ്ങാൻ പണവുമില്ല. പലരും പ്രളയദുരിതാശ്വാസമായി ലഭിച്ച അരി ഉപയോഗിച്ച് ചോറുവെച്ചുണ്ണും. ക്യാമ്പുകളിൽനിന്ന് മടങ്ങിയവർക്ക് അൽപം പച്ചക്കറിയും പയറും ലഭിച്ചു. ക്യാമ്പുകളിൽ എത്താതിരുന്നവർക്ക് കറികളില്ലാത്ത ചോറുമാത്രമാണ് ഭക്ഷണം. ക്യാമ്പുകളിൽനിന്ന് മടങ്ങിയവർക്കുള്ള കിറ്റുകളൊന്നും ഇവിടെ ലഭിച്ചില്ല. ഒരു കുടുംബത്തിന് അഞ്ചു കിലോ അരിയാണ് ലഭിച്ചത്. വെള്ളം ഇറങ്ങിയതോടെ മറ്റു സഹായവും നിലച്ചു. വീടുകളിൽ കയറി അടുപ്പ് കത്തിക്കാനാകുന്നില്ല. പാത്രങ്ങളില്ല, പാചകവാതകം ഇല്ല, അടുപ്പ് തകർന്നു, വിറകില്ല. ഇങ്ങനെ പോകുന്നു അവരുടെ ദുരിതങ്ങൾ. ക്യാമ്പുകളിലായിരുന്നപ്പോൾ ലഭിച്ച ഒന്നോ രണ്ടോ പായ മാത്രമാണുള്ളത്. വീട്ടിൽ ദിവസങ്ങളോളം വെള്ളക്കെട്ടായിരുന്നതിനാൽ കൊടുംതണുപ്പും. കിണറുകൾ ശുദ്ധീകരിച്ചിട്ടില്ലെങ്കിലും പൈപ്പ് ജലം വരാൻ തുടങ്ങിയത് ആശ്വാസമാണ്. മിക്ക വീടുകളിൽനിന്നും കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയിട്ടില്ല. ഇവരുടെ പാഠപുസ്തകങ്ങളും ബുക്കും എല്ലാം നഷ്ടപ്പെട്ടു. ക്യാമ്പുകളിലെ സഹായംകൊണ്ടാണ് പലരും ഇപ്പോഴും ജീവിക്കുന്നത്. പലർക്കും ജോലി ഇല്ല. വീട് നന്നാക്കണം, ഫർണിച്ചറുകളും പാത്രങ്ങളും വാങ്ങണം, കിടക്ക വേണം, കുട്ടികളെ സ്കൂളിൽ അയക്കണം, ആവശ്യങ്ങൾ ഏറെയാണ്. സർക്കാർ പല സഹായങ്ങളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.