ചെറുതോണി: ഇടുക്കിയിൽ തകർന്ന റോഡുകളിൽ ഗതാഗതം പുനരാരംഭിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുന്നു. ഇതിനോടകം അഞ്ച് റോഡുകൾ തുറന്ന് താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. കല്ലുകൾ നിറച്ചും ഒരു വാഹനം പോകാൻ കഴിയും വിധം മണ്ണ് നീക്കിയും മറ്റുമാണ് റോഡുകൾ തുറന്നത്. ഇടുക്കി-അടിമാലി റോഡിൽ ചുരുളിക്കും അട്ടിക്കളത്തിനുമിടക്ക് റോഡ് ഇടിഞ്ഞതോടെ ഹൈറേഞ്ച് മേഖലയിലേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയായിരുന്നു. ഒരാഴ്ചയായി തോരാത്ത മഴയിലും നിർമാണ ജോലികൾ നടത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ 16നുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും റോഡ് 100 മീറ്ററോളം ഒലിച്ചുപോയി. ഇതോടെ തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് വഴി ജില്ല ആസ്ഥാനത്തേക്കുണ്ടായിരുന്ന ഗതാഗതം പൂർണമായും സ്തംഭിച്ചു. ഉരുൾപൊട്ടലുണ്ടായ രാത്രിയിൽ 40ഒാളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. നേരം വെളുത്തതോടെ പലരും വാഹനങ്ങളുപേക്ഷിച്ച് സ്ഥലംവിട്ടു. ദൂരെനിന്ന് വന്നവർ ക്യാമ്പുകളിൽ തങ്ങി. ജില്ല ആസ്ഥാനമായ പൈനാവ്, ചെറുതോണി, തോപ്രാംകുടി, മുരിക്കാശ്ശേരി ഭാഗങ്ങളിലേക്ക് യാത്ര പറ്റാതെയായിരുന്നു. ഈ റോഡാണ് ഒരാഴ്ചക്കുശേഷം തുറന്നത്. ചേലച്ചുവടുനിന്ന് പെരിയാർവാലി പാലം വഴിയുള്ള റോഡും തുറന്നു. പനംകുട്ടി വൈദ്യുതി നിലയവുമായി എളുപ്പത്തിൽ ബന്ധപ്പെട്ടിരുന്ന അടിമാലി-ഇടുക്കി റോഡിൽ പൊളിഞ്ഞപാലത്തിനു സമീപം റോഡ് ഇടിഞ്ഞ സ്ഥലത്ത് വൻതോതിൽ കല്ലുകൾ നിരത്തിയും ഗതാഗതം പുനഃസ്ഥാപിച്ചു. ചെറുതോണി ഗാന്ധിനഗർ കോളനിയിലേക്കും ഗതാഗതം തുടങ്ങി. ചെറുതോണി- ആലിൻചുവട്, ചേലച്ചുവട്-പെരിയാർവാലി റോഡുകളും ഗതാഗതയോഗ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.