മാവേലിപ്പടിയിലെ വീട്ടിൽ 'വാവച്ച​െൻറ' ഒാർമപ്പെയ്​ത്ത്​

കോട്ടയം: തിരിനാളത്തിനു മുന്നിൽ നിറപുഞ്ചിരിയോടെ കെവിൻ. ഇൗ ചിത്രത്തിൽനിന്ന് കണ്ണെടുക്കാതെ തളർന്നിരിക്കുന്ന നീനു. കണ്ണീരുണങ്ങാതെ പിതാവ് ജോസഫും മാതാവ് മേരിയും സഹോദരി കൃപയും... നട്ടാശേരി മാവേലിപ്പടിയിലെ വീട്ടിൽ ഇവരുടെ പ്രിയപ്പെട്ട വാവച്ച​െൻറ ഒാർമപ്പെയ്ത്താണ്. കെവിൻ വിളിക്കുന്നുണ്ടോയെന്ന തോന്നലിൽ ഇവർ മുറിവിട്ടിറങ്ങിയത് പലവട്ടം. ഇനിയൊരിക്കലും തിരിച്ചുവരില്ലല്ലോ എന്ന യാഥാർഥ്യം മനസ്സിലാക്കി തിരികെ പോകുേമ്പാൾ ഓർമകൾ മനസ്സിൽ ഇരമ്പിയാർക്കും. ജോസഫിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ പ്രമുഖരടക്കം നിരവധി പേർ ബുധനാഴ്ച വീട്ടിലെത്തി. ഉറങ്ങാതെ, മിഴിനീർ േതാരാതെ കെവി​െൻറ ചിത്രത്തിലേക്കു കണ്ണുംനട്ടിരിക്കുന്ന നീനു ആശ്വസിപ്പിക്കാനെത്തിയവർക്കൊക്കെ നൊമ്പരമായി. പ്രിയതമനെ സ്വന്തം വീട്ടുകാർ ഇല്ലായ്മ ചെയ്തതി​െൻറ ആഘാതത്തിൽനിന്ന് ഇനിയും നീനു മോചിതയായിട്ടില്ല. ബുധനാഴ്ച സഹപാഠികളെത്തി പഠനം തുടരണമെന്നും ആവശ്യമായ സഹായം തങ്ങൾ ചെയ്ത് തരാമെന്നും പറഞ്ഞു. കൂട്ടികാരികളുടെ മാറിൽ മുഖം അമർത്തിയുള്ള പൊട്ടിക്കരച്ചിലായിരുന്നു മറുപടി. നീനു ഭക്ഷണംപോലും കഴിച്ചിട്ടില്ലെന്ന് ജോസഫ് പറഞ്ഞു. ത​െൻറ മകനെ സ്നേഹിച്ച് വിവാഹം ചെയ്തെന്ന കുറ്റത്തിന് ജീവിതം ഇരുട്ടിലായ നീനുവിന് പഠനം പൂർത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും താൻ ചെയ്തുകൊടുക്കുമെന്നും ജോസഫ് വ്യക്തമാക്കി. ത​െൻറ പ്രിയതമനെ കൊലപ്പെടുത്താൻ കൂട്ടുനിന്ന രക്ഷിതാക്കളുടെ അടുത്തേക്ക് പോകില്ലെന്ന നിലപാട് നീനു ബുധനാഴ്ചയും ആവർത്തിച്ചു. നല്ലിടയൻ പള്ളി സെമിത്തേരിയിലെ കെവി​െൻറ കല്ലറയിൽ നീനുവും ജോസഫും കുടുംബാംഗങ്ങളും പ്രാർഥന നടത്തി. രാഷ്ട്രീയ നേതാക്കൾ മുതൽ സാധാരണക്കാർവരെ ആശ്വാസവാക്കുകളുമായി ബുധനാഴ്ച കെവി​െൻറ വീട്ടിലേക്ക് ഒഴുകിയെത്തി. ആശ്വസിപ്പിക്കാൻ എത്തിയവർപോലും കണ്ണീരോടെ മടങ്ങുന്ന കാഴ്ചക്കാണ് ബുധനാഴ്ചയും നട്ടാശേരി സാക്ഷ്യം വഹിച്ചത്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് എന്നിവർ രാവിലെ തന്നെ വീട്ടിലെത്തി. പിന്നീട് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, കെ.എം. മാണി എം.എൽ.എ തുടങ്ങിയവരുമെത്തി. വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വാഹനം അപകടത്തിൽപെട്ടതിനെത്തുടർന്നു സന്ദർശനം ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.