കോട്ടയം: പ്രണയവിവാഹത്തെത്തുടർന്ന് നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ, തെന്മലയിലേക്കുള്ള യാത്രക്കിടെ കാർ നിർത്തിയപ്പോൾ കെവിൻ ഇറങ്ങി ഒാടിയെന്ന് കേസിലെ പ്രധാന പ്രതി ഷാനുവിെൻറ മൊഴി. പിടിയിലായ മറ്റ് പ്രതികളും സമാനമൊഴിയാണ് നൽകിയിരിക്കുന്നത്. ഇത് പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും ഇൗ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കെവിനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ല. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ബന്ധത്തിൽനിന്ന് പിൻമാറ്റാനാണ് ഉദ്ദേശ്യം. തടവിലിട്ട് വിലപേശി നീനുവിനെ വീട്ടിലെത്തിക്കാനായിരുന്നു തീരുമാനം. കെവിനെ കാണാതാകുമ്പോൾ ബന്ധുക്കൾ എത്തുമെന്നും നീനുവിനെ തിരികെ വിട്ടുനൽകുമെന്നും പ്രതീക്ഷിച്ചു. നീനുവും ഇതോടെ വഴങ്ങുമെന്ന് കണക്കുകൂട്ടിയിരുന്നതായി ഷാനു പറഞ്ഞു. കണ്ണൂരിൽ കീഴടങ്ങിയ ഒന്നാം പ്രതി ഷാനു ചാക്കോയെയും അഞ്ചാം പ്രതി പിതാവ് ചാക്കോയെയും ബുധനാഴ്ച പുലർച്ച മൂന്നിനാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിലും ഏറ്റുമാനൂരിലെ രഹസ്യകേന്ദ്രത്തിലും മണിക്കൂറുകളോളം ചോദ്യംചെയ്തു. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച റിമാൻഡ് ചെയ്ത കൊല്ലം പത്തനാപുരം ഇടമൺ 34 തേക്കിൽ കൂപ്പ് ഭാഗത്ത് നിഷാന മൻസിൽ വീട്ടിൽ നിയാസ് മോൻ (ചിന്നു -23), റിയാസ് മൻസിലിൽ ഇബ്രാഹിം റിയാസ് (26), താഴത്ത് വീട്ടിൽ ഇഷാൻ (20) എന്നിവരെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം പ്രതികളെയെല്ലാം ഒന്നിച്ചിരുത്തി ചോദ്യംചെയ്യും. കെവിനൊപ്പം ഒരുദിവസംപോലും താമസിക്കാൻ നീനുവിനെ അനുവദിക്കരുതെന്നായിരുന്നു തീരുമാനമെന്ന് ചാക്കോയും അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്യാനായി അപേക്ഷ നൽകിയ ശേഷം വീട്ടിലേക്കു വിളിച്ചറിയിച്ചതോടെ താൻ മാന്നാനത്തേക്ക് പോയിരുന്നു. അനുനയിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ നീനുവിനെ തിരികെ വീട്ടിലെത്തിക്കാമെന്ന വിചാരത്തിലായിരുന്നു. എന്നാൽ, നീനു അതിന് തയാറായില്ല. ഇതോടെയാണ് മകൻ മാന്നാനത്തേക്ക് പോകുന്നത്. ഇവർക്കും നീനുവിനെ കാണാൻ കഴിഞ്ഞില്ല. ഭീഷണി മനസ്സിലാക്കി വിവാഹം രജിസ്റ്റർ ചെയ്ത ദിവസം നീനുവിനെ കെവിനും സുഹൃത്തും രഹസ്യസങ്കേതത്തിലേക്കു മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.