അക്കര ഇക്കര കടക്കാൻ പാമ്പിനിക്കാർക്ക് വേണം ഒരു പാലം

ചിറ്റാർ: പാമ്പിനിക്കാരുടെ സ്വപ്നമാണ് അക്കര ഇക്കര കടക്കാൻ ഒരു പാലം. ഇരുമ്പ് തൂക്കുപാലം (കമ്പിപ്പാലം) ആയാലും മതിയെന്നാണ് നാട്ടുകാർ പറയുന്നത്. കക്കാട്ടാറിന് കുറുകെ പാമ്പനിയിൽ കമ്പിപ്പാലം നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകൾ ഇല്ല. ചിറ്റാർ പഞ്ചായത്തിലെ ഒന്നാം വാർഡാണ് പാമ്പിനി. ചിറ്റാറിലോ പൊരുനാട്ടിലേക്കോ പോകാൻ ഇവർക്ക് കിലോമീറ്ററുകൾ അധികം താണ്ടണം. കുന്നും മലയും ചുറ്റി മൂന്ന് കിലോമീറ്റർ നടന്നാലേ ബസ് സർവിസ് ഉള്ള റോഡിൽ എത്താൻ കഴിയൂ. ദിവസേന കിലോമീറ്ററുകൾ ചുറ്റിയുള്ള യാത്ര സമയനഷ്ടവും സാമ്പത്തിക നഷ്ടവും ദുരിതവുമാണ് സൃഷ്ടിക്കുന്നത്. അതേസമയം, കക്കാട്ടാറിലൂടെ 100 മീറ്റർ കടത്ത് കടന്നാൽ ബസ് കിട്ടും. കക്കാട്ടാറിൽ പ്രദേശവാസികൾ കെട്ടിയുണ്ടാക്കിയ ചങ്ങാടമുണ്ട്. പക്ഷേ, മനോധൈര്യമുള്ളവർക്കേ കയറാൻ കഴിയൂ. അല്ലാത്തവർ മൂന്ന് കിലോമീറ്റർ ചുറ്റി വേണം ബസ് സ്റ്റോപ്പുകളിൽ എത്താൻ. പഞ്ചായത്തിലെ പ്രധാന പട്ടികവർഗ കോളനിയാണ് പാമ്പിനി. കോളനിയിലടക്കം അഞ്ഞൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. മുമ്പ് പാമ്പിനി വള്ളക്കടവ് കേന്ദ്രീകരിച്ച് കടത്ത് സർവിസ് ഉണ്ടായിരുന്നു. കടത്തുവള്ളത്തിലായിരുന്നു ഭൂരിഭാഗവും യാത്ര ചെയ്തിരുന്നത്. കാരികയം മുതലവാരത്ത് സ്വകാര്യ ജലവൈദ്യുതി നിലയമായ അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി പ്രവർത്തനം ആരംഭിച്ചപ്പോൾ മുതലവാരത്ത് ഡാം നിർമിച്ച് വെള്ളം കെട്ടി നിർത്തിയിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ കക്കാട്ടാറ്റിൽ കടത്ത് സർവിസ് നിലച്ചു. ഇതോടെയാണ് പ്രദേശവാസികൾ ചങ്ങാടം ഉണ്ടാക്കി ആറിന് കുറുകെ വടം വലിച്ചുകെട്ടി അതിൽ പിടിച്ച് മറുകര കടന്നു തുടങ്ങിയത്. ആറ്റിലെ ജലനിരപ്പ് ഉയരുന്നതിനാൽ നീന്തൽ വശമുള്ളവർ മാത്രമാണ് ഇപ്പോൾ ചങ്ങാടത്തിൽ യാത്ര ചെയ്യുന്നത്. ളാഹ ഹാരിസൺ തോട്ടത്തിൽ ജോലി ചെയ്യുന്ന നിരവധി പേരുണ്ടിവിടെ. പുലർച്ച മുതൽ ഇവർ പതിവായി ചങ്ങാടത്തിലാണ് മറുകര കടക്കുന്നത്. കക്കാട്ടാറ്റിലെ ആഴമേറിയ കടവാണ് വള്ളക്കടവ്. പാമ്പിനിയുടെ മറുകര പെരുനാട് പഞ്ചായത്തിൽപെട്ട കപ്പക്കാടാണ്. കപ്പക്കാട്ടിൽ എത്തിയാൽ ചിറ്റാർ-പെരുനാട് റൂട്ടിൽ സർവിസ് നടത്തുന്ന ബസിൽ കയറാൻ എളുപ്പമാണ്. കമ്പിപ്പാലം നിർമിക്കാൻ സ്ഥലം വിട്ടുനൽകാൻ ഹാരിസൺ തോട്ടം ഉടമകൾ തയാറാണ്. പാമ്പിനി വള്ളക്കടവ് കേന്ദ്രീകരിച്ച് കമ്പിപ്പാലം നിർമിക്കുന്നതു സംബന്ധിച്ച് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. പിന്നീട് തുടർ നടപടികൾ ഉണ്ടായിെല്ലന്ന് നാട്ടുകാർ പറഞ്ഞു. തോപ്പിൽ രജി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.