അസംസ്​കൃത വസ്​തുക്കളുടെ വില വർധന: നിർമാണ മേഖല പ്രതിസന്ധിയിൽ

കോട്ടയം: അസംസ്കൃത വസ്തുക്കളുടെ വിലവർധനയെ തുടർന്ന് സംസ്ഥാനത്തെ നിർമാണ മേഖല വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സിമൻറ്-കല്ല്-മെറ്റൽ-പാറപ്പൊടി-കമ്പി തുടങ്ങി നിർമാണ സാമഗ്രികളുടെ വിലയും കൂലിച്ചെലവും അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ചെറുതും വലുതുമായ നിരവധി പദ്ധതികൾ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ഇതിൽ വൻകിട ഫ്ലാറ്റുകളും ഉൾപ്പെടും. ഉപഭോക്താക്കളിൽനിന്ന് മുൻകൂർ അഡ്വാൻസ് വാങ്ങി നിർമാണം ആരംഭിച്ച പദ്ധതികളും പാതിവഴിയിലാണ്. വൻകിട കമ്പനികളുടെ പദ്ധതികൾ പ്രതിസന്ധിയിലായത് നിർമാണ മേഖലയെ തളർത്തുമെന്നാണ് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും വിലക്കയറ്റവും കണക്കിലെടുത്ത് നിരവധി സർക്കാർ പദ്ധതികളും കരാറുകാർ നിർത്തിവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കരാറുകാരെ വലക്കുകയാണ്. കോടിക്കണക്കിന് രൂപ കരാറുകാർക്ക് കുടിശ്ശികയാണ്. നിലവിൽ സർക്കാർ കരാറുകാരുടെ പ്രവൃത്തികൾ പലതും മെല്ലേപ്പാക്കിലാണ്. കൂലി വർധിപ്പിച്ചതോടൊപ്പം പണിക്കാരെ കിട്ടാത്തതും നിർമാണ മേഖലയെ ബാധിച്ചിട്ടുണ്ട്. മെറ്റൽ വില കുതിച്ചുയരുകയാണ്. ഒരടിക്ക് 40-50 രൂപവരെയാണ് ഇപ്പോഴത്തെ വില. നേരേത്ത ഇത് 20 രൂപയായിരുന്നു. 30-35 രൂപയായിരുന്ന പാറപ്പൊടിക്ക് 50-60 രൂപയായി ഉയർന്നു. കല്ലിന് 11,000 രൂപയാണ് പുതിയ വില. മാസങ്ങൾക്ക് മുമ്പ് 4000-5000 രൂപയായിരുന്നു വില. മെറ്റലിനും കരിങ്കല്ലിനും കടുത്ത ക്ഷാമവുമുണ്ട്. ജി.എസ്.ടിയും വില്ലനാകുകയാണ്. പാറപ്പൊടിക്കും മറ്റ് വസ്തുക്കൾക്കും എല്ലാം ജി.എസ്.ടിയുണ്ട്. പാറപ്പെടിക്ക് അഞ്ചുശതമാനമാണ്. നേരത്തേ ഇത് 14 ശതമാനമായിരുന്നു. അന്നുയർത്തിയ വില പിന്നെ കച്ചവടക്കാർ കുറച്ചിട്ടുമില്ല. സിമൻറ് വില 380-400 രൂപ വരെയാണ്. പാക്കറ്റിന് രണ്ടുരൂപവരെ ഇടക്കിടെ വർധിക്കുന്നുണ്ട്. കമ്പി വിലയും കുതിക്കുകയാണ്. കിലോക്ക് 55-60 രൂപവരെയാണ് മികച്ച കമ്പിക്ക് വില. മണൽ കിട്ടാനുമില്ല. പാരിസ്ഥിക പ്രശ്നങ്ങളുടെ പേരിൽ ക്വാറികർ അടച്ചുപൂട്ടിയപ്പോൾ ഇൗമേഖലയിൽ വൻകിടക്കാർ പിടിമുറുക്കിയതും വിലവർധനക്ക് കാരണമായിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില പിടിച്ചുനിർത്താൻ സർക്കാർ ആവിഷ്കരിച്ച പദ്ധതികളും പരാജയമായി. ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും പരാതികളെ തുടർന്ന് ജി.എസ്.ടി കുറച്ചെങ്കിലും ഉയർത്തിയ വില കുറക്കാൻ കച്ചവടക്കാർ തയാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും വൻകൂലിയാണ് വാങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.