കോലഞ്ചേരി: മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യാക്കോബായ സഭ വർക്കിങ് കമ്മിറ്റിയിലും പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെൻററിൽ ചേർന്ന യോഗത്തിലാണ് അംഗങ്ങൾ നേതൃത്വത്തെ കടന്നാക്രമിച്ചത്. മലങ്കര അസോസിയേഷൻ വിളിച്ചുചേർത്ത് ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി നേതൃത്വത്തിലേക്ക് കഴിവുള്ളവരെ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. പതിനഞ്ചു വർഷമായി നിലനിൽക്കുന്ന നോമിനേഷൻ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിൽനിന്നുള്ള കെ.ഒ. ഏലിയാസിെൻറ നേതൃത്വത്തിലാണ് വിമർശനം അഴിച്ചുവിട്ടത്. ഒന്നരപ്പതിറ്റാണ്ടായി പ്രാദേശിക നേതൃത്വം വിശ്വാസികളെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ പരാജയം നേതൃത്വം ചോദിച്ച് വാങ്ങിയതാണ്. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെൻറർ ഈടായി െവച്ച് കോടികൾ വായ്പയെടുത്തതും സഭക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ ക്രമക്കേടുമെല്ലാം പരാതിയായി ഉയർന്നുവന്നു. ഭൂരിഭാഗം അംഗങ്ങളും നേതൃത്വത്തിനെതിരായ വികാരം പങ്കുെവച്ചപ്പോൾ കോട്ടയത്തു നിന്നുള്ള ബിബി എബ്രഹാം മാത്രമാണ് പ്രാദേശിക നേതൃത്വത്തെ പിന്തുണച്ച് സംസാരിച്ചത്. നേരേത്ത നടന്ന സുന്നഹദോസിലും പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് മെത്രാപ്പോലീത്തമാർ ഉന്നയിച്ചത്. കോട്ടയം ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തിമോത്തിയോസ്, മഞ്ഞനിക്കര ദയറാധിപൻ ഡോ.ഗീവർഗീസ് മാർ അത്തനാസിയോസ്, മലേക്കുരിശ് ദയറാധിപൻ ഡോ.കുര്യാക്കോസ് മാർ ദിയസ്കോറസ് എന്നിവരാണ് സുന്നഹദോസിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. 2002 മുതൽ സ്ഥാനങ്ങളിൽ തുടരുന്ന സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജോർജ് മാത്യു, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർക്കെതിരെയാണ് ഭൂരിഭാഗം പേരുടെയും രോഷ പ്രകടനം. സഭ കേസുകളിലെ നിരന്തര തോൽവിയും പള്ളികൾ ഒന്നൊന്നായി നഷ്ടപ്പെടുന്നതും നേതൃത്വത്തിനെതിരെ വിശ്വാസികളിൽ ശക്തമായ അമർഷം വളർത്തിയിട്ടുണ്ട്. ഇതാണ് സുന്നഹദോസിലും വർക്കിങ് കമ്മിറ്റിയിലും പ്രതിഫലിച്ചത്. അടിയന്തരമായി പ്രാദേശിക നേതൃത്വത്തിൽ അഴിച്ചുപണി നടത്തണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പാത്രിയാർക്കീസ് ബാവക്ക് നിവേദനം നൽകിയത്. മെത്രാപ്പോലീത്തമാരും വൈദീകരും വ്യക്തിപരമായും വർക്കിങ്- മാനേജിങ് കമ്മിറ്റിയംഗങ്ങൾ കൂട്ടമായും ഇത്തരം നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.