നഗര മുഖഛായ മാറും; കാൽനടക്കാർക്ക് ആശ്വാസമാകും ആകാശപ്പാത

കോട്ടയം: നഗരത്തി​െൻറ മുഖഛായ മാറ്റാൻ ആകാശപ്പാത. തിരക്കുകൂടിയ ഭാഗമായ ശീമാട്ടി റൗണ്ടാനയിലാണ് റോഡ് മുറിച്ചുകടക്കാൻ ആകാശപ്പാത സ്ഥാപിക്കുന്നത്. രണ്ടരവർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതി ഇഴഞ്ഞുനീങ്ങുന്നതായ ആക്ഷേപം നിൽക്കെയാണ് നിർമാണം വേഗത്തിലായത്. പദ്ധതിക്കുവേണ്ടി കെ.എസ്.ഇ.ബി ഈ ഭാഗത്തെ വൈദ്യുതി ലൈനുകൾ പൂർണമായും ഒഴിവാക്കി. ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി കണക്ഷൻ നൽകിയത്. ഡിസംബറിൽ കൂറ്റൻ തൂണുകൾ സ്ഥാപിച്ചതോടെയാണ് പദ്ധതി നടക്കുമെന്ന തോന്നൽ നാട്ടുകാർക്ക് ഉണ്ടായത്. നഗരസഭയുടെ പ്രധാന കവാടത്തിനു മുന്നിൽനിന്ന് എസ്കലേറ്ററിൽകൂടി ആകാശപ്പാതയുടെ റൗണ്ടിലെത്തി നാലു ദിശകളിലേക്ക് നടന്നെത്താൻ കഴിയുംവിധത്തിലാണ് ക്രമീകരിക്കുന്നത്. സി.എസ്.ഐ കോംപ്ലക്സ്, ജോയ് മാൾ, പോസ്റ്റ് ഒാഫിസ്, വൈ.എം.സി.എ എന്നീ ഭാഗങ്ങളിൽ റോഡുമുറിച്ചു കടക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും. ഇപ്പോൾ ഗതാഗതം നിർത്തി പൊലീസ് കാൽനടക്കാരെ റോഡ് മുറിച്ചുകടക്കാൻ അനുവദിക്കുകയാണ്. ഇപ്പോൾ ഏറെസമയം കാത്തുനിൽക്കുകയും ഭയന്ന് വയോധികരും കുട്ടികളുമടക്കം ഓടിക്കടക്കുകയും ചെയ്യുകയാണ്. പ്രയാസം കൂടാതെ വിവിധ ദിക്കുകളിലേക്ക് ആളുകൾക്ക് എത്താനാവുന്നു എന്നതിനാൽ വാണിജ്യ സ്ഥാപനങ്ങൾക്കും ഗുണകരമാണ്. കഴിഞ്ഞദിവസം രാത്രി പ്രധാന നിർമാണസാമഗ്രികൾ എത്തിക്കുന്ന വേളയിൽ പുലർച്ചവരെ തിരുവഞ്ചൂർ രാധാകൃഷ്ണനും നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോനയും മേൽനോട്ടം വഹിക്കാനുണ്ടായിരുന്നു. തുടർനടപടി പെെട്ടന്ന് പൂർത്തിയാക്കാനാണ് ശ്രമമെന്ന് എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.