കൊച്ചി: മുറുകി നിൽക്കുന്ന സഭ തർക്കങ്ങൾക്കിടെ ആകമാന സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ ചൊവ്വാഴ്ച കേരളത്തിലെത്തുന്നു. രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാക്കോബായ സഭ നേതൃത്വത്തിൽ ബാവയെ വരവേൽക്കും. വൈകീട്ട് മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്ക സെൻററിൽ ചേരുന്ന പ്രാദേശിക എപ്പിസ്കോപ്പൽ സുന്നഹദോസിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. തുടർന്നു മാധ്യമങ്ങളെ കാണും. ആറിന് സഭ വർക്കിങ് കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യും. പിന്നീട് കാതോലിക്ക ബാവയുടെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. ബുധനാഴ്ച 12ന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മഞ്ഞിനിക്കരയിലെ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാബയുടെ കബറിടം സന്ദർശിക്കും. വൈകീട്ട് ആറിന് പുത്തൻകുരിശ് സെൻറ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും. രാത്രി ഒമ്പതിന് മലേക്കുരിശ് ദയാറായിൽ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവയുടെ കബറിടം സന്ദർശിക്കും. 24 ന് രാവിലെ 5.30 ന് ഡൽഹിക്ക് പുറപ്പെടുന്ന ബാവ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ കാണും. 26ന് ലബനനിലേക്ക് തിരിച്ചുപോകും. സഭ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് ബാവയുടെ കേരളസന്ദർശനത്തിെൻറ പ്രധാനലക്ഷ്യമെന്ന് പാത്രിയാർക്ക സ്വീകരണ കമ്മിറ്റി പബ്ലിസിറ്റി ചെയർമാൻ ഡോ.കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചർച്ചക്ക് ക്ഷണിച്ചുള്ള കത്ത് ഓർത്തഡോക്സ് സഭ ഉന്നതർക്ക് നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. എങ്കിലും ചർച്ച വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭ സെക്രട്ടറി ജോർജ് മാത്യു, മോൻസ് വാപ്പച്ചൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.