* വെള്ളം കയറി അരക്കോടിയിലേറെ രൂപയുടെ നഷ്ടം തൊടുപുഴ: നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ബുധനാഴ്ച വെള്ളം കയറി ഉണ്ടായത് 50 ലക്ഷത്തോളം രൂപയുടെ നാശം. ഒാരോ കടകളിലും അഞ്ചും പത്തും ലക്ഷം രൂപയുടെ നാശം ഉണ്ടായതായി വ്യാപാരികൾ പറയുന്നു. പലചരക്ക്, ഗോഡൗണുകൾ, പ്രസുകൾ, ഫുട്ട്വെയർ ഷോപ്പുകൾ എന്നിവയിലാണ് കൂടുതലും നഷ്ടമുണ്ടായത്. ചെറിയൊരു മഴ പെയ്താൽപോലും താഴ്ന്നസ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇത് വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നഗരസഭയുടെയും പൊതുമരാമത്ത് അധികൃതരുടെയും നേതൃത്വത്തിൽ പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും നഗരത്തിെൻറ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം പൊങ്ങുന്നത് വ്യകപാരികളെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞദിവസം വൈകീട്ട് നഗരത്തിൽ മഴ പെയ്തപ്പോൾ നഗരത്തിൽ ഗതാഗതം തന്നെ സ്തംഭിപ്പിച്ചു. ഇരുചക്ര വാഹനയാത്രക്കാരും ഓട്ടോകളിലും മറ്റും യാത്രചെയ്തവരുമാണ് ഏറെ ബുദ്ധിമുട്ടിലായത്. കൈതക്കോട് റോഡ്, മണക്കാട് ജങ്‌ഷന്‍, കാഞ്ഞിരമറ്റം, മങ്ങാട്ടുകവല, പുളിമൂട്ടില്‍ ജങ്‌ഷന്‍ തുടങ്ങിയ ഇടങ്ങളെല്ലാം വെള്ളക്കെട്ടിലായി. വെള്ളക്കെട്ടുണ്ടാക്കുന്ന പ്രദേശങ്ങളിലെ ഓടകളില്‍നിന്ന് നഗരസഭയുടെ ശുചീകരണ വിഭാഗം മണ്ണും ചളിയും മാലിന്യവും നീക്കിയിരുന്നെങ്കിലും നഗരത്തില്‍ വെള്ളക്കെട്ട് ഭീഷണി തുടരുകയാണ്. ബുധനാഴ്ച പെയ്‌ത മഴയിൽ പല ഓടകളും നിറഞ്ഞുകവിഞ്ഞാണ് വെള്ളം റോഡുകളിലേക്കു വ്യാപിച്ചത്. മഴവെള്ളം യഥേഷ്‌ടം ഒഴുകാന്‍ സൗകര്യപ്രദമായ തരത്തില്‍ വീതിയുണ്ടായിരുന്ന ഓടകള്‍ പലതും കൈയേറ്റത്തിെൻറ ഫലമായി ഇടുങ്ങിപ്പോയതാണ് കാരണം. മണക്കാട് ജങ്‌ഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തിയത്. കലുങ്ക് വീതികൂട്ടി നിര്‍മിച്ചു. റോഡ് ഭാഗം ചെറിയതോതില്‍ ഉയര്‍ത്തുകയും ചെയ്‌തു. എന്നാല്‍, ഈ ഭാഗത്തേക്ക് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ നിന്നടക്കം എത്തുന്ന വെള്ളം ഒഴുകാനുള്ള വീതി ഒാടകൾക്കില്ല. പലപ്പോഴും ഓടക്ക് മുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബിെൻറ വിടവിലൂടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. മുനിസിപ്പല്‍ ഓഫിസിന് എതിര്‍വശത്ത് പാര്‍ക്കിനോടടുത്ത ഭാഗത്തും റോട്ടറി ജങ്‌ഷനിലും കാഞ്ഞിരമറ്റം കവലയിലും മൗണ്ട് സീനായ് ആശുപത്രി റോഡിലുമെല്ലാം വെള്ളക്കെട്ട് പതിവാണ്. വ്യക്തികള്‍ ഓടകള്‍ കൈയേറി സ്വന്തമാക്കുന്നതിനെതിരെ നിരവധി പരാതികളും ഉയർന്നിരുന്നു. എന്നാല്‍, ഫലപ്രദമായ ഒരു നടപടിയുമുണ്ടാകാതിരുന്നത് കൈയേറ്റക്കാര്‍ക്ക് സൗകര്യമായി. പൊതുമരാമത്തും നഗരസഭയും കൈയേറ്റക്കാർക്ക് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്നതാണ് കൈയേറ്റത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ൈകയേറ്റത്തെ പിന്തുണക്കുന്ന കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്. നഗരത്തിലെ അനധികൃത നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുനീക്കുന്നതിന് ടാസ്ക് ഫോഴ്സിനെയടക്കം രൂപവത്കരിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് നടപടികൾ പ്രഹസനമായി. റോഡ് കൈയേറിയുള്ള നിര്‍മാണം പൊളിച്ചും ഓടകളിലേക്ക് ഇറക്കിയുള്ളവ ഒഴിവാക്കിയും ശക്തമായ നടപടിയുമായി നഗരസഭ അധികൃതര്‍ രംഗത്തുവന്നില്ലെങ്കില്‍ ചെറിയ മഴക്കുപോലും നഗരം വെള്ളക്കെട്ടിലാവുന്ന സ്ഥിതിയാണ് ഉണ്ടാകുക. ചിത്രം: മങ്ങാട്ടുകവലയിൽ വെള്ളം കയറിയ കടയിലെ സാധനങ്ങൾ വെയിലത്ത് ഉണക്കാൻവെച്ചിരിക്കുന്നു കൈയേറ്റത്തിനെതിരെ കർശന നടപടി -നഗരസഭ ചെയർപേഴ്സൺ തൊടുപുഴ: നഗരത്തിൽ ഒാടകൾ കൈയേറിയുള്ള നിർമാണമാണ് തിങ്കളാഴ്ച നഗരം വെള്ളക്കെട്ടിലാകാൻ കാരണമെന്ന് നഗരസഭ ചെയർപേഴ്സൺ സഫിയ ജബ്ബാർ. നഗരത്തിലെ മിക്ക ഒാടകൾക്ക് മുകളിലും കോൺക്രീറ്റ് കെട്ടിടങ്ങളോ പാതകളോ രൂപപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ കർശനനടപടി സ്വീകരിക്കും. പി.ഡബ്ല്യു.ഡി അധികൃതരെ വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തുമെന്നും ചെയർപേഴ്സൺ 'മാധ്യമ'ത്തോട് പറഞ്ഞു. തൊടുപുഴ താലൂക്കിൽ രേഖപ്പെടുത്തിയത് റെക്കോഡ് മഴ * ബുധനാഴ്ച മുതൽ വ്യാഴാഴ്ച പുലർച്ചവരെ പെയ്തത് 77.3 മി.മീ. മഴ തൊടുപുഴ: താലൂക്കിൽ ബുധനാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് വേനൽ മഴ. 77.3 മി.മീ. മഴയാണ് തൊടുപുഴയിലും പരിസരത്തുമായി പെയ്തിറങ്ങിയത്. 3.45ഒാടെ ആരംഭിച്ച മഴ മൂന്നു മണിക്കൂറോളം തുടർച്ചയായി പെയ്യുകയായിരുന്നു. ഇടുക്കിയിൽ 37 മി.മീറ്ററും പീരുമേട് 19 മി.മീറ്ററും ദേവികുളത്ത് 14 മി.മീറ്ററും മഴ പെയ്തപ്പോൾ ഉടുമ്പൻചോലയിൽ വ്യാഴാഴ്ച മഴ രേഖപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ കോരിച്ചൊരിഞ്ഞ കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായിരുന്നു. തുടർച്ചയായ മിന്നലിെൻറയും ശക്തമായ കാറ്റിെൻയും അകമ്പടിയോടെ മഴ നഗരജീവിതം സ്തംഭിപ്പിച്ചു. പ്രധാന കവലകളിൽ വെള്ളം ഉയർന്നതോടെ ഏറെ നേരം ഗതാഗതവും നിലച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.