വണ്ടിപ്പെരിയാർ: മൂന്നാർ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽനിന്ന് ക്ഷണിക്കപ്പെട്ടവരുമായി കുമളിയിൽ നടത്തിയ വികസന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ടൂറിസം വികസനം എന്നത് കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുകയല്ല, പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ പ്രകൃതിയെ സംരക്ഷിക്കുക എന്നത് കൂടിയാണ്. കുടിയേറ്റ കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാറിേൻറതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പട്ടയ പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ആറുമാസം കൂടുമ്പോൾ പട്ടയമേള നടത്തും. പെരിഞ്ചാംകുട്ടി, മൂന്നുചെയിൻ, പത്തുചെയിൻ മേഖലകളിലെ പട്ടയപ്രശ്നം ഗൗരവമായി കണക്കിലെടുത്ത് നടപടി തുടരുകയാണ്. വനംവകുപ്പുമായി പലയിടത്തും തർക്കം നിലനിൽക്കുന്നതായി പരാതി ഉയരുന്നുണ്ടെങ്കിലും വനം സംരക്ഷിക്കുക എന്നതിനാണ് പ്രാധാന്യം. എന്നാൽ, ജനങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നൽകുക തന്നെ ചെയ്യും. സർവേ നടപടി സുഗമമാക്കാൻ ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ പുനരുദ്ധാരണം നടത്തുന്നതിനായി ഭവന നിർമാണ പദ്ധതി നടപ്പാക്കും. ഇതിനായി സ്ഥലം വിട്ടുനൽകാൻ തോട്ടം മാനേജ്മെൻറുകൾ സഹകരിക്കണം. കാർഷിക വിളകളെ സംരക്ഷിക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പദ്ധതി തയാറാക്കും. ചെറുകിട കർഷകരെ സഹായിക്കുന്നതിനായി കാർഷിക കടാശ്വാസ കാലാവധി നീട്ടിനൽകും. വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ വന്യമൃഗശല്യം തടയുന്നതിനായി വനംവകുപ്പ് പദ്ധതി നടപ്പാക്കും. ടൂറിസം സർക്യൂട്ടുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണം നടത്താൻ അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളിലെ പട്ടയ പ്രശ്നം മൂന്നാർ, തേക്കടി, വാഗമൺ ടൂറിസം വികസനം, കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനം, വന്യമൃഗശല്യം, ആശുപത്രികളുടെ നവീകരണം, തേയിലത്തോട്ടം പ്രതിസന്ധി, ഡയാലിസിസ് കീമോ തെറപ്പി യൂനിറ്റ് സ്ഥാപിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങളും നിവേദനങ്ങളുമാണ് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. വൈദ്യുതി മന്ത്രി എം.എം. മണിയും ചർച്ചകളിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.