മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നു

മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുണ്ടാക്കി കൈയേറുന്ന പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നു. വില്ലേജ് ഓഫിസറുടെ വ്യാജകൈവശരേഖയും സീലും ഉപയോഗപ്പെടുത്തി കൈയേറിയ മൂന്ന് ഷെഡ് സംഘം പൊളിച്ചുനീക്കിയതായി മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. കഴിഞ്ഞദിവസം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ സര്‍ക്കാര്‍ ഭൂമി വ്യാപകമായി കൈയേറുന്നതായി തഹസില്‍ദാർക്ക് വിവരം ലഭിച്ചിരുന്നു. ഇവര്‍ ഹാജരാക്കിയ രേഖകള്‍ സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജരേഖകളുണ്ടാക്കിയാണ് ഭൂമി കൈയേറിയതെന്ന് കണ്ടെത്തിയത്. കൈയേറ്റക്കാര്‍ക്ക് കൈവശരേഖ ലഭിെച്ചന്ന് പറയുന്ന ദിവസം വില്ലേജ് ഓഫിസര്‍ അവധിയിലായിരുന്നു. അന്ന് തന്നെയാണ് മൂന്നുപേര്‍ക്കും കൈവശരേഖ ലഭിച്ചിരിക്കുന്നത്. ഇവര്‍ ഹാജരാക്കിയ സ്‌കെച്ചിലും അനുബന്ധരേഖകളിലും വില്ലേജ് ഓഫിസറുടെ സീല്‍ പതിച്ചിട്ടില്ല. കൈവശരേഖയില്‍ സീലുണ്ടെങ്കിലും അത് വ്യാജമാണ്. നിർമിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി അനുകൂലവിധി സമ്പാദിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. പുഴയോരങ്ങളും ചോലവനങ്ങളും വെട്ടിത്തെളിച്ച് കൈയേറുന്നവർക്കെതിരെ സര്‍ക്കാറിനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും സ്‌പെഷല്‍ തഹസില്‍ദാര്‍ പറഞ്ഞു. ദേവികുളം വില്ലേജ് ഓഫിസില്‍നിന്ന് വർഷങ്ങൾക്ക് മുമ്പ് രണ്ട് രജിസ്റ്ററുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ ചില കേസുകളുടെ പരിശോധനയും വഴിമുട്ടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.