നീലക്കുറിഞ്ഞി: ജില്ല ഭരണകൂടത്തിനെതിരെ മുഖ്യമന്ത്രിക്ക്​ എം.എൽ.എയുടെ പരാതി

മൂന്നാര്‍: നീലക്കുറിഞ്ഞി വസന്തത്തിന് രണ്ടുമാസം കൂടി അവശേഷിക്കെ, ജില്ല ഭരണകൂടത്തിനെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ. മൂന്നാറിൽ ഒരുക്കം ഒന്നുമായിട്ടില്ലെന്നും യോഗങ്ങൾ മാത്രമാണ് നടക്കുന്നതെന്നും കുറ്റെപ്പടുത്തി മുഖ്യമന്ത്രിക്ക് അദ്ദേഹം പരാതി നല്‍കി. കുറിഞ്ഞി പൂക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ഒരുക്കം പൂത്തിയായതായി വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെങ്കിൽ നാട്ടുകാരും ജനങ്ങളും ദുരിതത്തിലാകുമെന്നും രാജേന്ദ്രൻ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിൽ എം.എൽ.എയെ ഉൾപ്പടുത്തിയിട്ടില്ല. കലക്ടറുടെ നേതൃത്വത്തിൽ രണ്ട് യോഗം ചേർന്നെങ്കിലും തീരുമാനമൊന്നും എടുത്തില്ല. ബന്ധപ്പെട്ട വകുപ്പുകളും യോഗം ചേര്‍ന്നിട്ടില്ല. വനം വകുപ്പി​െൻറയും കെ.ഡി.എച്ച്.പി കമ്പനിയുടെയും കീഴിലുള്ള മലനിരകളിലാണ് കുറിഞ്ഞി വ്യാപകമായി പൂക്കുന്നത്. അതിനാൽ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. പ്രാദേശിക ജനപ്രതിനിധികളെ വിളിച്ച് ചർച്ച ചെയ്യണം. മൂന്നാർ ലക്ഷ്മി റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം, സൈലൻറ്വാലി റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചതും നടപ്പായില്ല. കലക്ടർ കുറിഞ്ഞി സീസണ് മുമ്പ് ഉപരിപഠനത്തിന് പോകുമെന്നും വരുന്ന സഞ്ചാരികളാകും ദുരിതം അനുഭവിക്കേണ്ടി വരുകയെന്നും രാജേന്ദ്രൻ പറഞ്ഞു. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കുറിഞ്ഞി പൂവിടുന്നത്. ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. എട്ട് ലക്ഷത്തോളം വിനോദസഞ്ചാരികള്‍ മൂന്നാറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ജനബാഹുല്യം താങ്ങാവുന്നതായ രീതിയിലുള്ള സംവിധാനങ്ങള്‍ കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കാനാവില്ല എന്നതും പ്രശ്നമാണ്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തി​െൻറ ഗൗരവം ബോധ്യപ്പെടുത്തുമെന്നും എം.എൽ.എ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.