കോട്ടയം: കാര്യമായ പരാതികൾക്ക് ഇടനൽകാതെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) കോട്ടയത്ത് നടന്നു. ജില്ലയില്‍ അഞ്ചു കേന്ദ്രങ്ങളിലായി 2040 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. സി.ബി.എസ്.ഇ നിര്‍ദേശങ്ങള്‍ പാലിച്ച് ഭൂരിഭാഗവും പരീക്ഷക്ക് എത്തിയതിനാലാണ് കാര്യമായ പരാതികളില്ലായിരുന്നത്. മാല, കമ്മല്‍ തുടങ്ങിയവ ഊരി മാതാപിതാക്കളെ ഏൽപിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ ഹാളില്‍ കയറിയത്. മുമ്പേ നിര്‍ദേശങ്ങള്‍ വ്യക്തമായി നല്‍കിയിരുെന്നങ്കിലും പേന, കാല്‍ക്കുലേറ്റർ, ആഭരണങ്ങൾ, ഷൂസ് എന്നിവയുമായി വന്നവരും ഏറെയായിരുന്നു. ഇവരെ സുരക്ഷ ഉദ്യോഗസ്ഥർ കാര്യങ്ങൾ മനസ്സിലാക്കി സാധനങ്ങൾ പുറത്തുനിന്നവരെ ഏൽപിച്ച ശേഷമാണ് ഹാളിലേക്ക് കടത്തിവിട്ടത്. താഴത്തങ്ങാടി ചിന്മയ വിദ്യാലയം, എസ്.എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്‌കൂള്‍, ദേവലോകം മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂള്‍, കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ വിദ്യാനികേതൻ, പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളായിരുന്നു കോട്ടയത്തെ പരീക്ഷ കേന്ദ്രങ്ങള്‍. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മൗണ്ട് കാർമൽ വിദ്യാനികേതനിലാണ്. ഇവിടെ 540 പേരുണ്ടായിരുന്നു. ചിന്മയ സ്കൂളിൽ 420 പേരും മറ്റ് സ്കൂളുകളിൽ 360 വീതവും പേരാണ് പരീക്ഷയെഴുതിയത്. രാവിലെ തന്നെ പരീക്ഷഹാളിൽ പ്രവേശിക്കണമെന്നതിനാൽ ഇതര ജില്ലയിൽനിന്നുള്ള വിദ്യാർഥികളും മാതാപിതാക്കളും പരീക്ഷകേന്ദ്രത്തിനടുത്ത ലോഡ്ജുകള്‍, ബന്ധുഭവനങ്ങള്‍ എന്നിവിടങ്ങളിൽ തലേന്ന് തന്നെ താമസമുറപ്പിച്ചിരുന്നു. അവശേഷിച്ചവരില്‍ ഏറിയ പങ്കും സ്വകാര്യ വാഹനങ്ങളിലാണ് എത്തിയത്. പരീക്ഷക്കായി ജില്ല ഭരണകൂടം വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കിയത് വിദ്യാര്‍ഥികള്‍ക്കു ഗുണകരമായി. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് ഏര്‍പ്പെടുത്തിയത് യാത്ര സുഗമമാക്കി. ക്രമീകരണം ഏറെയുണ്ടായിരുന്നെങ്കിലും പരീക്ഷ കഴിഞ്ഞപ്പോൾ അരമണിക്കൂറിലേറെ സെൻററുകളുടെ മുന്നിലെ വഴികളില്‍ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.