കോട്ടയം: പുതുപ്പള്ളിയുടെ സാംസ്‌കാരിക തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വെച്ചൂട്ട് തിങ്കളാഴ്ച നടക്കും. പുതുപ്പള്ളി സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ വെച്ചൂട്ട് രാവിലെ 11.30ന് ആരംഭിക്കും. വെച്ചൂട്ടിന് മുന്നോടിയായ വിറകിടീല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഞായറാഴ്ച നടന്നു. പഴമയുടെ തനിമ ചോരാതെ വിശ്വാസസമൂഹം വെച്ചൂട്ടിനുള്ള വിറകുമായി ഉച്ചക്ക് 2.15ന് പള്ളിയിലേക്ക് എത്തിത്തുടങ്ങി. പുതുപ്പള്ളി, എറികാട് കരക്കാര്‍ വിറക് ശേഖരിച്ച് വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടുകളുടെയും അകമ്പടിയിലാണ് പള്ളിയിലേക്ക് എത്തിച്ചത്. പെരുന്നാളിന് വിരുന്നൊരുക്കുന്ന വെച്ചൂട്ടിനുള്ള വിഭവങ്ങള്‍ തയാറാക്കുന്നത് ഈ വിറക് ഉപയോഗിച്ചാണ്. വിറകിടീല്‍ ചടങ്ങിനുശേഷം ആഘോഷപൂര്‍വം പന്തിരുനാഴി പുറത്തെടുത്തു. ഞായറാഴ്ച രാത്രി പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണവും നടന്നു. പ്രധാന തിരുനാള്‍ ദിനമായ തികളാഴ്ച പുലര്‍ച്ച ഒന്നിന് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ് നടക്കും. പുലര്‍ച്ച 5.30ന് കുര്‍ബാന, ഒമ്പതിന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന. 11.30ന് വെച്ചൂട്ട് ആരംഭിക്കും. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടും നടക്കും. നാലിന് നേര്‍ച്ചയായി അപ്പവും കോഴിയിറച്ചിയും വിതരണം ചെയ്യും. ഇതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. 20ന് രാവിലെ 11ന് കൊടിയിറക്കല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.