മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി -എ.കെ. പദ്മനാഭന്‍ പത്തനംതിട്ട: കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ട്രേഡ് യൂനിയനുകള്‍ രജിസ്റ്റര്‍ ചെയ്യാനും തൊഴിലാളി സംഘടനകൾക്ക് പ്രവർത്തിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എ.കെ. പദ്മനാഭന്‍ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സിലിനോടനുബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷമായി അധികാരത്തിലുള്ള മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ്. ഒടുവിലത്തെ പരിഷ്‌കാരമാണ് സ്ഥിരംതൊഴില്‍ ഇല്ലാതാക്കല്‍ നിയമം. ഇന്ത്യയിലൊട്ടാകെ വിവിധ സംഘടിത മേഖലയിലെ തൊഴില്‍ സുരക്ഷയെ ഇല്ലാതാക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലയിലാകെ സ്വകാര്യവത്കരണമെന്നാണ് കേന്ദ്രനയം. റെയില്‍വേയുടെ എല്ലാ ഉൽപാദന കേന്ദ്രങ്ങളിലും പകുതിയിലധികം ജീവനക്കാര്‍ ഇപ്പോള്‍ മറ്റ് കമ്പനി ഉടമകളുടെ കീഴിലാണ് പണിയെടുക്കുന്നത്. മേയ് 30ന് ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ദേശീയ കൺവെന്‍ഷന്‍ നടത്തും. തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയില്‍നിന്ന് ബി.എം.എസിനെ ആരും പുറത്താക്കിയിട്ടില്ല. 2009വരെ ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകള്‍ ഉള്‍പ്പെടെ പണിമുടക്ക് നടത്തിയിരുന്നു. 2015ലും പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു പ്രചാരണം നടത്തി. എന്നാല്‍, അവസാനനിമിഷം സമരത്തില്‍ ബി.എം.എസ് പിന്‍മാറുകയായിരുന്നു. ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തെ തകര്‍ക്കുന്നെന്നും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുപോലും ബി.എം.എസ് പറയുന്നത് സ്ഥിതി എത്രഗുരുതരമാണെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ജെ. അജയകുമാര്‍, സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ. അനന്തഗോപന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.