കോട്ടയം പുഷ്​പനാഥ്​ അന്തരിച്ചു

കോട്ടയം: കുറ്റാന്വേഷണ, മാന്ത്രികനോവലുകൾക്ക് മലയാളി മനസ്സുകളിൽ ഇടം സൃഷ്ടിച്ച നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (എസ്. സക്കറിയ -80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരുമാസം തികയുംമുമ്പാണ് അന്ത്യം. റിട്ട. അധ്യാപകനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. എൺപതുകളിൽ സാധാരണക്കാർക്കിടയിൽ വായനവിപ്ലവം സൃഷ്ടിച്ച് ഡിറ്റക്ടീവ് നോവലുകളുടെ പരമ്പര സൃഷ്ടിച്ച അദ്ദേഹം പിന്നീട് മാന്ത്രികലോകത്തിലേക്ക് കൂടുമാറ്റം നടത്തി. മനോരാജ്യം വാരികയിൽ 1968ൽ പ്രസിദ്ധീകരിച്ച 'ചുമന്ന മനുഷനാണ്' ആദ്യ നോവൽ. ഒരേസമയം ഒമ്പത് നോവലുകൾവരെ എഴുതിയിരുന്നു. ആയിരത്തിലധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. എഴുത്തും വായനയും സാധാരണക്കാർക്കുള്ളതല്ല എന്നു കരുതിയിരുന്ന കാലത്ത് ജനപ്രിയ തൂലികയിലൂടെ ഇവരെ ചേർത്തുപിടിച്ച അദ്ദേഹത്തി​െൻറ നോവൽ അക്കാലത്തെ എല്ലാ പ്രധാനവാരികളിലും പ്രസിദ്ധീകരിച്ചിരുന്നു. നോവലിനായി പത്രാധിപന്മാർ കാത്തുനിൽക്കുന്നതും പതിവായിരുന്നു. പി. പുഷ്പനാഥൻ പിള്ളയാണ് പിന്നീട് സക്കറിയയും കോട്ടയം പുഷ്പനാഥുമായി മാറിയത്. അമ്മയാണ് വായനയുടെയും എഴുത്തി​െൻറയും ലോകേത്തക്കു നയിച്ചയത്. കോട്ടയത്ത് എം.ടി. സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കേരള സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദമെടുത്തു. തുടർന്ന് വിവിധ സ്കൂളുകളിൽ അധ്യാപകനായി. കാരാപ്പുഴ സർക്കാർ സ്‌കൂളിൽ അധ്യാപകനായിരിക്കെ, ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ എഴുത്തുകാരനാകുകയായിരുന്നു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികൾ സിനിമയായി. കർദിനാളി​െൻറ മരണം, നെപ്പോളിയ​െൻറ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ടൊർണാഡോ, ഗന്ധർവയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ േക്രാസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ. വിവിധ നോവലുകൾ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പുഷ്പനാഥ് വാരിക എന്ന പേരിൽ പ്രസിദ്ധീകരണം തുടങ്ങിയിരുന്നെങ്കിലും വിജയിച്ചില്ല. തൊപ്പി ധരിച്ച് എപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹത്തെ അവസാനകാലത്ത് വിവിധ രോഗങ്ങളും അലട്ടിയിരുന്നു. ഭാര്യ: മറിയാമ്മ. മറ്റ് മക്കൾ: സീനു, ജെമി. മരുമക്കൾ: അനുജ സലീം, ബീന ജോസഫ്, ടോമി സേവ്യർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.