പൊതുതെരഞ്ഞെടുപ്പുകളിൽ ആര് ജയിക്കണമെന്ന് കർഷകർ തീരുമാനിക്കും -ഇൻഫാം കോട്ടയം: രാജ്യെത്ത പൊതുതെരഞ്ഞെടുപ്പുകളിൽ ആര് ജയിക്കണമെന്ന് കർഷകർ തീരുമാനിക്കുമെന്ന് ഇൻഫാം. രാഷ്ട്രീയ പാർട്ടികളുടെ അടിമത്തത്തിൽനിന്ന് മോചിതരായി ശക്തിസംഭരിച്ച് സംഘടിക്കാൻ കർഷകർ മുന്നോട്ടുവരണമെന്ന് ഇൻഫാം ദേശീയ നേതൃസമ്മേളനത്തിൽ ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ പ്രഖ്യാപിച്ച കർഷക അവകാശരേഖയിലാണ് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനവും ഉന്നയിക്കുന്നുണ്ട്. കർഷകർക്കുവേണ്ടി ശബ്ദിക്കാനും വാദിക്കാനും പ്രവർത്തിക്കാനുമായി ഉത്തരവാദിത്തമുള്ള രാഷ്ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും ഭരണത്തിലെത്തുമ്പോൾ കർഷകരെ മറക്കുന്നു. അസംഘടിത കർഷകരെ വിലപറഞ്ഞ് വിറ്റ് രാഷ്ട്രീയ പാർട്ടികൾ നേട്ടമുണ്ടാക്കുന്നു. തട്ടിപ്പുകാർക്കും കള്ളന്മാർക്കും കൊള്ളക്കാർക്കും കൊലപാതകികൾക്കും ജയിലറകളിൽപോലും നാലുനേരം സുഭിക്ഷഭക്ഷണവും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ച് നടപ്പാക്കുന്ന ഭരണനേതൃത്വങ്ങൾ രാജ്യനിയമങ്ങൾ പാലിച്ച്, മണ്ണിൽ പണിയെടുക്കുന്ന കർഷകരെ പട്ടിണിക്കിട്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ഇനിയും കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. മണ്ണിലെ ജനകോടികളെ വിദേശ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തിട്ട് ഒരുരാജ്യവും രക്ഷപ്പെട്ട ചരിത്രമില്ല. ഭാരതമണ്ണിൽ ജനാധിപത്യഭരണത്തിനു വെല്ലുവിളികൾ ഉയരുന്നു. ബ്യൂറോക്രസിക്ക് മുന്നിൽ മുട്ടുമടക്കുന്ന ജനപ്രതിനിധികൾ ജനാധിപത്യത്തിന് അപമാനമാകുന്നു. പണാധിപത്യവും അഴിമതിയും കെടുകാര്യസ്ഥതയും ഭരണരംഗം അട്ടിമറിക്കുന്നു. ഇതിെൻറ പാപഭാരം ഏറ്റുവാങ്ങുന്നത് അസംഘടിത കർഷകരാണെന്നും കർഷക അവകാശരേഖ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.