കോട്ടയം: ഉന്നത രാഷ്ട്രീയ നേതാവിെൻറ മകൻ ട്രെയിൻ യാത്രക്കിടെ അപമാനിക്കാൻ ശ്രമിച്ചെന്ന ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിയുടെ പരാമർശത്തിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ്. പാർട്ടിയെ പൊതുസമൂഹത്തിൽ അവഹേളിക്കാൻ മാത്രമേ ഇത്തരം പരാമർശങ്ങൾ സഹായിക്കൂവെന്നും പ്രവർത്തകർക്കുപോലും ഇത് അവമതിപ്പുണ്ടാക്കിയെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. അപമാനിക്കാൻ ശ്രമിച്ചിട്ടും ആ വ്യക്തിക്കെതിരെ അന്ന് പരാതി നൽകാതെ പിന്നീട് ഇക്കാര്യം പരസ്യമായി പറയുന്നതും ഉചിതമല്ല. അപമാനിച്ച വ്യക്തിയുടെ പേര് പറയാതിരിക്കുന്നതും ശരിയല്ല. കേരള കോൺഗ്രസിെൻറയും കെ.എം. മാണി അടക്കമുള്ള നേതാക്കളുടെയും സ്ഥിരം വിമർശകനായ പി.സി. ജോർജിനും മകനും എതിരെ അസമയത്ത് നടത്തിയ ആരോപണം വടികൊടുത്ത് അടി വാങ്ങിയതിന് തുല്യമായെന്നും പ്രമുഖ നേതാവ് പ്രതികരിച്ചു. ഇരുമുന്നണിയിലും ഇല്ലാതെ പാർട്ടി കടുത്തപ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആരായാലും നിയന്ത്രിക്കേണ്ടതായിരുന്നു. നിയമനടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അതിലേക്ക് പാർട്ടിയെ വലിച്ചിഴക്കരുതെന്നും നേതാക്കൾ പറയുന്നു. ഞായറാഴ്ച ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയായേക്കും. സംഭവത്തിെൻറ യഥാർഥവസ്തുത നേതൃത്വം വിശദീകരിക്കണമെന്ന ആവശ്യവുമുണ്ട്. നിഷയുടെ പരാമർശം മറ്റ് ചില ലക്ഷ്യങ്ങളോടെയാണെന്ന് കരുതുന്നവരും ഉണ്ട്. നിഷക്കെതിരെ പി.സി. ജോർജിെൻറ മകൻ ഷോൺ കോട്ടയം എസ്.പിക്ക് പരാതി നൽകിയിരിക്കുകയാണ്. നിയമവശം നോക്കിയ ശേഷം തുടർനടപടിയിലേക്ക് പൊലീസ് കടന്നാൽ അതും പാർട്ടിയെ പ്രതികൂലമായി ബാധിക്കും. നിഷയുടെ ആരോപണം തെളിയിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ജോർജ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.