തൊടുപുഴ: സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. നഗരത്തിലെയും സമീപങ്ങളിലെയും സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം തുടർക്കഥയായതോടെയാണ് പൊലീസ് രാത്രി പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയത്. രാത്രിയിൽ ഓരോ മണിക്കൂർ ഇടവിട്ട് സ്കൂളുകളുടെ പരിസരങ്ങളിൽ പൊലീസ് പട്രോളിങ് സംഘമെത്തി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എസ്.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. മുമ്പ് പലതവണ മോഷണവും മോഷണശ്രമവും നടന്നിട്ടുള്ള തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ജയ്റാണി പബ്ലിക് സ്കൂൾ, മുതലക്കോടം സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പൊലീസ് രാത്രി പട്രോളിങ് രജിസ്റ്റർ ബുക്ക് സൂക്ഷിക്കുന്നുണ്ട്. എന്നാൽ, പൊലീസ് പട്രോളിങ് തുടരുന്നതിനിടെ കഴിഞ്ഞദിവസം മുതലക്കോടം സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിൽ വീണ്ടും മോഷണശ്രമം നടന്നത് പൊലീസിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സ്കൂളിലെ ഓഫിസ് മുറിയുടെ താഴ് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതിനു സമീപം തൂമ്പ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ സ്കൂളിലെത്തിയവരാണ് മോഷണവിവരം അറിയുന്നത്. രണ്ടാഴ്ച മുമ്പും ഈ സ്കൂളിൽ മോഷണം നടന്നിരുന്നു. അന്ന് സ്റ്റാഫ് റൂമിെൻറ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയാണ് കവർന്നത്. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന നഴ്സറി സ്കൂളിൽനിന്ന് 500 രൂപയോളം മോഷ്ടിച്ചിരുന്നു. ഇതേ മോഷ്ടാക്കൾ തന്നെയാകാം കഴിഞ്ഞ ദിവസം നടന്ന മോഷണശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സ്കൂളുകൾ മാത്രം കേന്ദ്രീകരിച്ചു നടക്കുന്ന മോഷണത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഒരു സ്കൂളിൽ തന്നെ നിരവധി തവണ മോഷണസംഭവങ്ങൾ നടന്നിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ആറാംമൈൽ-മാമലക്കണ്ടം എളംബ്ലാശേരി റോഡ് നിർമാണോദ്ഘാടനം തൊടുപുഴ: മലയോര ഹൈവേ ആറാംമൈൽ-മാമലക്കണ്ടം-എളംബ്ലാശേരി റോഡ് നിർമാണോദ്ഘാടനം മാമലക്കണ്ടം ഗവ. ഹൈസ്കൂളിൽ ജോയിസ് ജോർജ് എം.പി നിർവഹിച്ചു. 2014 ആഗസ്റ്റ് 20ന് വനം അധികൃതർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് മുടങ്ങിയ മലയോര ഹൈവേയുടെ നിർമാണമാണ് പുനരാരംഭിക്കുന്നത്. എം.എൽ.എമാരായ ആൻറണി ജോൺ, എസ്. രാജേന്ദ്രൻ, കോതമംഗലം, അടിമാലി നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികളായ റഷീദ സലിം, വിജയമ്മ ഗോപി, ഷാജി മാത്യു, സൗമ്യ ശശി, ഷീല കൃഷ്ണൻകുട്ടി, മാരിയപ്പൻ നെല്ലിപ്പിള്ള, പി.സി. അരുൺ, സീമ ബാബു, ആർ. അനിൽകുമാർ, ഇ.കെ. ശിവൻ, ടി.കെ. ഷാജി, കാണിമാരായ രാജപ്പൻ മാഞ്ചി, രാമു രാജപ്പൻ, പി.എൻ. കുഞ്ഞുമോൻ, കെ.ജെ. സൈമൺ, വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സുമനസ്സുകളുടെ സഹായം തേടുന്നു തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഇഞ്ചിയാനി അറയ്ക്കൽ ബേബി ആഗസ്തി (54) അർബുദ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നല്ലവരായ നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും സഹകരണത്തോടെയാണ് ചികിത്സ നടത്തിവരുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് മൂന്ന് സെൻറ് സ്ഥലമാണുള്ളത്. ഇതിൽ വാസയോഗ്യമായ വീടുമില്ല. കൂലിവേല ചെയ്ത് ഉപജീവനം നടത്തിവന്നിരുന്ന ബേബിക്ക് തുടർചികിത്സക്കും ദൈനംദിന ചെലവിനും നിവൃത്തിയില്ലാതായി. ബേബിയെ സംരക്ഷിക്കാൻ ഭാര്യ മോളി സഹായത്തിനുവേണ്ടി നിൽക്കേണ്ടി വരുന്നതുകൊണ്ട് കൂലിവേലക്ക് പോകാൻ കഴിയുന്നില്ല. ഇൗ സാഹചര്യത്തിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ജെറി ചെയർമാനായി ഒരു ചികിത്സ ധനസഹായ സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നു. കേരള ഗ്രാമീണബാങ്കിൽ കലയന്താനി ശാഖയിൽ ബേബിയുടെ ഭാര്യ മോളി ബേബിയുടെയും വാർഡ് അംഗം സനൂജ സുബൈറിെൻറയും പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40362101039656. IFSC: KLGB0040362. MICR CODE: 685480007.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.