തീരദേശ പരിപാലന നിയമം: അടിയന്തര നടപടിയെന്ന്​ മന്ത്രി

കോട്ടയം: സംസ്ഥാനത്തെ തീരമേഖലയിലെ പഞ്ചായത്ത് പ്രദേശങ്ങളെ തീരപരിപാലന നിയമപ്രകാരം നിർമാണ വിലക്കുള്ള സോണിൽനിന്ന് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശ ഭരണ മന്ത്രി കെ.ടി. ജലീൽ. വിഷയം സർക്കാറി​െൻറ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. നിർമാണ വിലക്കുള്ള മൂന്നാം സോണിൽനിന്ന് രണ്ടാം സോണിലേക്ക് പഞ്ചായത്ത് പ്രദേശങ്ങളെ മാറ്റാൻ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രത്യേക അപേക്ഷ സമർപ്പിച്ചെന്നും മന്ത്രി 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്ത് തീരമേഖലകളിൽ ഉൾപ്പെടുന്ന തീരദേശ പരിപാലന മേഖല വിജ്ഞാന പ്രകാരം കോസ്റ്റൽ സോൺ മാനേജ്മ​െൻറ് പ്ലാൻ എപ്രിൽ 30നകം ദേശീയ ഹരിത ട്രൈബ്യൂണലിന് നൽകണം. ഇതിനായി ഒരുപാട് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പഞ്ചായത്ത് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ-വികസനം-പുതിയ പദ്ധതികൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള മാപ്പും തയാറാക്കണം. ഇതെല്ലാം നിശ്ചിതസമയത്തിനകം പൂർത്തിയാക്കും. ഒരുകാരണവശാലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ ജനകീയ തെളിവെടുപ്പടക്കം നടക്കുന്നുണ്ട്. ചില ജില്ലകളിൽ ഇതിനകം നടപടികൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. നിലവിൽ തീരദേശത്തെ അഞ്ച് സോണുകളായി തിരിച്ചാണ് നിയമനിർമാണം നടത്തിയിട്ടുള്ളത്. സോൺ ഒന്നിൽ വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇടക്കുള്ള കടപ്പുറവും ബീച്ചും 1000 ചതുര മീറ്ററിൽ കൂടുതൽ കണ്ടൽക്കാടുകൾ ഉൾപ്പെടുന്ന പ്രദേശവും ഉൾപ്പെടും. ഇവിടെ ഒരു നിർമണവും അനുവദിക്കില്ല. തോട്-കായൽ-നദികൾ എന്നിവയുടെ വേലിയേറ്റ ബാധിത ജലാശയങ്ങളുടെ തിട്ടയിൽനിന്ന് ഇരുവശത്തേക്കും 100 മീറ്ററോ ജലാശയങ്ങളുടെ വീതിയോ ഇതിൽ ഏതാണോ കുറവ് അവിടെയും വികസന പ്രവർത്തനങ്ങൾ അനുവദിക്കില്ല. നഗരസഭ പരിധിയിൽ വരുന്ന വികസിത മേഖലയിൽ 200 മീറ്ററിൽ ഉൾപ്പെടുന്ന പ്രദേശം സോൺ രണ്ടിൽ ഉൾപ്പെടും. പഞ്ചായത്ത് പ്രദേശങ്ങളിൽ വരുന്ന അവികിസിത പ്രദേശം സോൺ മൂന്നിൽ ഉൾപ്പെടും. ഇവിടെയും നിർമാണം അനുവദിക്കില്ല. വേലിയിറക്ക പ്രദേശത്തുനിന്ന് 12 നോട്ടിക്കൽ മൈൽ കടലിലേക്കുള്ള പ്രദേശം സോൺ നാലിൽ വരും. കായലുകളിലുള്ള വെള്ളത്തിൽ ചുറ്റപ്പെട്ട തുരുത്തുകൾ സോൺ അഞ്ചിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.