തമിഴ്​നാട്​ അതിർത്തിയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

കുമളി: രാജസ്ഥാനിലേക്ക് ചക്ക കയറ്റി പോവുകയായിരുന്ന ലോറി തമിഴ്നാട് അതിർത്തിയിൽ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. രാജസ്ഥാൻ ഭരത്പൂർ സ്വദേശികളായ അലിം (26), ലുസ്താം (31) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം മണ്ണിൽ പുതഞ്ഞതിനാൽ വൈകീട്ട് ആറോടെയാണ് ഡ്രൈവർ ലുസ്താമി​െൻറ മൃതദേഹം പുറത്തെടുക്കാനായത്. മണ്ണിൽ പുതഞ്ഞ ലോറി ഉയർത്തിയെടുക്കാൻ ശ്രമം തുടരുകയാണ്. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. ആലപ്പുഴ, മുണ്ടക്കയം എന്നിവിടങ്ങളിൽനിന്ന് ചക്ക കയറ്റിവന്ന ലോറി ഇരച്ചിൽപാലത്തിന് സമീപം തമിഴ്നാട് അതിർത്തിയിൽ 500 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊടുംവളവ് തിരിയുന്നതിനിടെ മൺതിട്ട ഇടിഞ്ഞാണ് അപകടം. തമിഴ്നാട് സേലം ശങ്കരഗിരി സ്വദേശി വടിവേലുവിേൻറതാണ് അപകടത്തിൽപെട്ട ലോറി. ലോറി മറിയുന്നതിനിടെ തെറിച്ചുവീണ അലിമിന് ഗുരുതര പരിക്കേറ്റിരുന്നു. അപകടശേഷം അലിംതന്നെയാണ് ലോറി ഉടമയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. പരിക്കേറ്റ് കിടന്ന അലിമിനെ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് വടം കെട്ടിയിറങ്ങിയാണ് മുകളിലെത്തിച്ചത്. രക്ഷാപ്രവർത്തകരിൽനിന്ന് വെള്ളം വാങ്ങി കുടിച്ച അലിം ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. മൃതദേഹം കമ്പം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനഭൂമിയിലെ കൊക്കയിൽ രാവിലെ മുതൽ കയർ കെട്ടി ഇറങ്ങിയാണ് അപകടത്തിൽപെട്ടവർക്കായി തിരച്ചിൽ നടത്തിയത്. പതിവായി കേരളത്തിലെത്തി ലോഡ് കയറ്റി പോകുന്ന ലോറി, ഡ്രൈവർമാരായ ഇരുവരും ചേർന്നാണ് രാജസ്ഥാൻ വരെ ഓടിക്കാറുള്ളതെന്ന് ഉടമ വടിവേലു പറഞ്ഞു. അപകടത്തിൽപെട്ട ലോറിക്ക് പിന്നാലെ കുമളിയിൽനിന്ന് കമ്പത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അപകട വിവരം ലോവർ ക്യാമ്പ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് പൊലീസ്, ഫയർഫോഴ്സ്, വനം അധികൃതർ എന്നിവർ സ്ഥലത്തെത്തിയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. വൈകീട്ടോടെ കണ്ടെത്തിയ ലുസ്താമി​െൻറ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കമ്പം ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.