തൊടുപുഴ: ജില്ലയിൽ ശൈശവ വിവാഹം അടിക്കടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കരുതൽ പദ്ധതിയുമായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് രംഗത്ത്. മൂന്നാർ, മറയൂർ പ്രദേശങ്ങളിൽനിന്ന് വ്യാപകമായി കേസുകൾ റിപ്പോർട്ട് ചെയ്യുകയും വിവാഹങ്ങൾ തടയുകയും ചെയ്ത സാഹചര്യത്തിലാണ് വനിത ശിശു വികസന വകുപ്പ്, ഇടുക്കി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് എന്നിവ ചേർന്ന് ശൈശവ വിവാഹ നിർമാർജനത്തിന് 'കരുതൽ' പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. കുട്ടികളിലും രക്ഷിതാക്കളിലും പൊതുജനങ്ങളിലും വിഷയത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ മൂന്നാർ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഫലപ്രദമായി നടപടിയെടുക്കാനാകാതെ സർക്കാറും ബന്ധപ്പെട്ട കേന്ദ്രങ്ങളും കുഴങ്ങുന്നുണ്ട്. പുറത്തുവരുന്നതിനെക്കാൾ ഇരട്ടി ശൈശവ വിവാഹങ്ങൾ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നാണ് കണക്ക്. ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് പറഞ്ഞ് അധികൃതർ കൈകഴുകുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടവയിലെ തുടർനടപടി എങ്ങുമെത്താതെ അവശേഷിക്കുന്നു. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽനിന്നാണ് പ്രധാനമായും ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചൈൽഡ്ലൈൻ പ്രവർത്തകരുടെ ഇടപെടലാണ് പലപ്പോഴും ശൈശവ വിവാഹങ്ങൾ ഒഴിവാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഹായിച്ചത്. എന്നാൽ, തടയാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഇല്ലാത്തതാണ് ആവർത്തിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടി അടക്കമുള്ള സ്ഥലങ്ങളിലും വർധിക്കുന്നതായാണ് വിവരം. വിവാഹത്തിന് സമ്മതിക്കാത്ത കുട്ടികൾ മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച് വേണ്ടത്ര ബോധവത്കരണമില്ലാത്തതാണ് കാരണം. ഇതിന് പരിഹാരമെന്ന നിലയിൽ പഞ്ചായത്തിലെ ഒാരോ വാർഡിൽനിന്ന് നാലു കുട്ടികളെ വീതം തെരഞ്ഞെടുത്ത് പരിശീലനം നൽകി ശൈശവ വിവാഹം, ബാലാവകാശ ലംഘനങ്ങൾ എന്നിവയിൽ ബോധവത്കരണം നടത്താനും കരുതൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ നിർവഹിച്ചു. ശിശുക്ഷേമ സമിതി പ്രവർത്തനം ശക്തിപ്പെടുത്തും തൊടുപുഴ: ജില്ല ശിശുക്ഷേമ സമിതി പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് കലക്ടറേറ്റിൽ എ.ഡി.എം പി.ജി. രാധാകൃഷ്ണെൻറ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം തീരുമാനിച്ചു. ഭാവിപ്രവർത്തനങ്ങൾ, കുട്ടികളുടെ അഭയകേന്ദ്രം തണൽ, ബാലസുരക്ഷ വിഷയങ്ങൾ സംബന്ധിച്ച് സംസ്ഥാന ട്രഷറർ ജി. രാധാകൃഷ്ണൻ സംസാരിച്ചു. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ. ജനാർദനൻ വാർഷിക റിപ്പോർട്ടും ഓഡിറ്റ് കണക്കും അവതരിപ്പിച്ചു. ജോയൻറ് സെക്രട്ടറി കെ.എം. ഉഷ, വൈസ് പ്രസിഡൻറ് എം.എം. മാത്യു, കെ.ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മുട്ടത്ത് കുടിവെള്ള വിതരണം അവതാളത്തിൽ ടൗണിൽ മാത്രം അഞ്ചിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് മുട്ടം: കുടിവെള്ള വിതരണ പൈപ്പ് വ്യാപകമായി പൊട്ടിയതോടെ മുട്ടത്തെ ജല വിതരണം അവതാളത്തിൽ. മാത്തപ്പാറ പമ്പ്ഹൗസിൽനിന്ന് കൊല്ലംകുന്ന് മലയിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത ശേഷം പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന വിതരണ ലൈനാണ് നിരവധി സ്ഥലങ്ങളിൽ പൊട്ടിയിരിക്കുന്നത്. ഇതുമൂലം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ല. മുട്ടം ടൗണിൽ മാത്രം അഞ്ചിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മുട്ടം മുസ്ലിം പള്ളിക്ക് സമീപം, സബ് സ്റ്റേഷന് സമീപം, കാനാപ്പുറം സ്റ്റോഴ്സിന് സമീപം, ആയുർവേദ ആശുപത്രിക്ക് സമീപം, കുരിശുപള്ളിക്ക് സമീപം എന്നിവിടങ്ങളിലാണ് മാസങ്ങളായി പൈപ്പുപൊട്ടി ഒലിക്കുന്നത്. ചോർച്ച മൂലം ഒഴുക്ക് കുറയുകയും ഇതുമൂലം ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താത്ത അവസ്ഥയുമാണ്. മാത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ടുകുന്ന്, കൊല്ലംകുന്ന് പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. പഞ്ചായത്തിലെ മറ്റ് മേഖലകളിലെയും അവസ്ഥ ഭിന്നമല്ല. 12000ത്തോളം ജനങ്ങൾ അധിവസിക്കുന്ന മുട്ടം പഞ്ചായത്തിൽ കുടിവെള്ള വിതരണ പദ്ധതിയില്ലെന്നുള്ളതും ക്ഷാമം രൂക്ഷമാകാൻ കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.