കൊച്ചി: കഥകളി വേദിയിൽ രമ്യ കൃഷ്ണൻ തകർത്താടുകയാണ്. പ്രമാണലക്ഷണങ്ങൾ ഒത്ത് രചനാസൗഭാഗ്യവും രംഗചേതനയും തികഞ്ഞ അപൂർവം ആട്ടക്കഥയായ കാലകേയ വധം തനിമയോടെ അവതരിപ്പിക്കുമ്പോൾ വർഷങ്ങളുടെ പരിശീലനമായിരുന്നു രമ്യക്ക് സമ്പത്ത്. എട്ട് വയസ്സുമുതൽ അഭ്യസിക്കുന്ന ഓട്ടൻതുള്ളലും സർവകലാശാല കലോത്സവത്തിൽ രമ്യ ആടിത്തീർത്തത് വിജയത്തെക്കുറിച്ച് അശേഷം സംശയമില്ലാതെയായിരുന്നു. ഓട്ടൻതുള്ളലിന് സന്താനഗോപാലമാണ് രമ്യ കൃഷ്ണൻ തെരഞ്ഞെടുത്തത്. ഫലം പ്രഖ്യാപിക്കുമ്പോൾ സദസ്സിൽനിന്നുയർന്ന ഹർഷാരവമായിരുന്നു രമ്യക്കുള്ള അംഗീകാരം. ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനവും കഥകളിയിൽ രണ്ടാം സ്ഥാനവും രമ്യ നേടി. 2017ലെ എം.ജി സർവകലാശാല കലോത്സവത്തിലും രമ്യ കൃഷ്ണനായിരുന്നു കഥകളിയിൽ ഒന്നാം സ്ഥാനം. ഓട്ടൻതുള്ളലിലും ഭരതനാട്യത്തിലും കഴിഞ്ഞ വർഷം എ ഗ്രേഡ് നേടിയിരുന്നു. ഇക്കുറി വിജയം ഓട്ടൻതുള്ളലിലായിരുന്നു. കീഴൂർ ദേവസ്വം ബോർഡ് കോളജിലെ ഒന്നാം വർഷ എം.എസ്സി ഇലക്ട്രോണിക്സ് വിദ്യാർഥിനിയാണ് രമ്യ കൃഷ്ണൻ. ചെറുപ്പം മുതലെ കഥകളിയും ഓട്ടൻതുള്ളലും കേരളനടനവും ചെണ്ടയും മോഹിനിയാട്ടവുമടക്കമുള്ള കലകൾ രമ്യ അഭ്യസിക്കുന്നുണ്ട്. കഥകളിയും ഓട്ടൻതുള്ളലും കൂടാതെ കേരളനടനം, ചെണ്ട, മോഹിനിയാട്ടം എന്നിവയിൽ ഇക്കുറിയും മത്സരിക്കുന്നുണ്ട്. പത്താംക്ലാസ് വരെ സി.ബി.എസ്.സി സംസ്ഥാന കലോത്സവ വേദികളിലും നിരവധി തവണ രമ്യ വിജയം കരസ്ഥമാക്കിയിരുന്നു. കലാമണ്ഡലം ബി.സി. നാരായണനാണ് ഓട്ടൻതുള്ളൽ പഠിപ്പിക്കുന്നത്. രാജേഷ് ബാബുവാണ് കഥകളിയാശാൻ. വൈക്കം സ്വദേശിയായ രമ്യ കൃഷ്ണൻ പഞ്ചവാദ്യ കലാകാരനായ രാധാകൃഷ്ണെൻറയും ഗിരിജയുടെയും മകളാണ്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണ് രാധാകൃഷ്ണൻ. അഞ്ച് വയസ്സുകാരൻ രേഷ് കൃഷ്ണൻ സഹോദരനാണ്. വിഷയവൈവിധ്യം കൊണ്ടും ഓട്ടന്‍തുള്ളല്‍ വേദി സമ്പന്നമായി. സന്താനഗോപാലം, ബകവധം, രാമാനുചരിതം, ഗോവർധന ചരിതം, ഗരുഡ ഗര്‍വഭംഗം തുടങ്ങി പുരാണത്തിലെ വിവിധ ഏടുകള്‍ വേദിയിലെത്തി. പെണ്‍പ്രഭയുണ്ടായെങ്കിലും വേദിയിലെത്തിയ മൂന്ന് ആണ്‍കുട്ടികളും നിരാശപ്പെടുത്തിയില്ല. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലെ അർജുന്‍ കാന്തിനാണ് ഓട്ടൻതുള്ളലിൽ രണ്ടാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.