കഥകളി മുഖത്തെഴുത്തിലെ മാന്ത്രിക സ്പർശം

കൊച്ചി: മനയോല അരച്ച് നീലക്കട്ട ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കാനും ചുട്ടികുത്താനും എരൂർ മനോജ് കൂടെയുണ്ടെങ്കിൽ കഥകളി മത്സരാർഥികൾക്ക് ആത്മവിശ്വാസം ഇരട്ടിയാണ്. ആ കരങ്ങളിൽനിന്ന് കിട്ടുന്ന മാന്ത്രിക സ്പർശത്തിന് കഥകളി കലാകാരന്മാരെ വിജയത്തേരിലേറ്റാനുള്ള കെൽപുണ്ടെന്ന് അവർ വിശ്വസിക്കുന്നു. സർവകലാശാല, സ്കൂൾ കലോത്സവങ്ങളിലും പ്രശസ്തരായ നിരവധി മറ്റ് കഥകളി കലാകാരന്മാർക്കും ചായമിട്ടിട്ടുള്ള മനോജിന് 15 വർഷത്തിലേറെയായുള്ള പരിചയസമ്പത്താണ് കൈമുതൽ. ഇക്കുറി എം.ജി സർവകലാശാല കലോത്സവത്തിൽ കഥകളിയിൽ മത്സരിച്ച ആറ് വിദ്യാർഥികളിൽ മൂന്നുപേരെയും മനോജാണ് ചായമിട്ടതും അണിയിച്ചൊരുക്കിയതും. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം ലഭിച്ച കീഴൂർ ദേവസ്വം ബോർഡ് കോളജിലെ രമ്യ കൃഷ്ണന് മേക്കപ്പ് ഇട്ടത് ഇദ്ദേഹമായിരുന്നു. ഇക്കുറിയും രമ്യക്ക് രണ്ടാം സ്ഥാനമുണ്ട്. എറണാകുളം ലോ കോളജ് നാലാം വർഷ വിദ്യാർഥിനി എം.എസ്. സുചിത്ര, ചങ്ങനാശ്ശേരി എൻ.എസ്.എസിലെ ചിത്തിര ജി. നായർ എന്നിവർക്കും ചായമിട്ടു. ചിത്തിരക്കാണ് ഇക്കുറി ഒന്നാം സ്ഥാനം. കഴിഞ്ഞവർഷം രണ്ടാം സ്ഥാനവും എ ഗ്രേഡുമായിരുന്നു. പാരമ്പര്യമായി കഥകളി കലാകാരന്മാരെ അണിയിച്ചൊരുക്കുന്നവരാണ് മനോജി​െൻറ കുടുംബം. അച്ഛൻ എരൂർ ശശിയും മുത്തച്ഛൻ കൃഷ്ണൻകുട്ടി ആശാനും അറിയപ്പെടുന്ന കഥകളി മേക്കപ്പ് കലാകാരന്മാരാണ്. എരൂർ ശ്രീ ഭവാനീശ്വരി കളിയോഗത്തി​െൻറ ആഭിമുഖ്യത്തിലാണ് ഇവരുടെ പ്രവർത്തനങ്ങൾ. മനോജിനോടൊപ്പം കലാമണ്ഡലം പ്രമോദ്, കലാനിലയം സുന്ദരൻ എന്നിവരും മേക്കപ്പിടാൻ കൂടെയെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.