എം.പിക്ക് അനുകൂലമായ റിപ്പോർട്ടിനുപിന്നിൽ മുഖ്യമന്ത്രി -ഡീൻ കുര്യാക്കോസ് തൊടുപുഴ: കൊട്ടക്കാമ്പൂർ ഭൂമികേസിൽ ജോയിസ് ജോർജ് എം.പിക്ക് അനുകൂലമായ പൊലീസ് റിപ്പോർട്ടിനുപിന്നിൽ മുഖ്യമന്ത്രിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ക്രിമിനൽ കേസിൽ പ്രതിയായ മൂന്നാർ ഡിവൈ.എസ്.പിയെക്കൊണ്ട് റിപ്പോർട്ട് തയാറാക്കിച്ചതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊട്ടക്കാമ്പൂരിൽ പട്ടികജാതിക്കാർക്ക് നൽകിയ ഭൂമി ജോയിസ് ജോർജും കുടുംബാംഗങ്ങളും തട്ടിയെടുെത്തന്ന കേസിലാണ് എം.പി കുറ്റക്കാരനല്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയത്. എം.പിക്കെതിരെ റിപ്പോർട്ടുകൾ നിലനിൽക്കെ ജോയിസ് ജോർജ് കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. പൊലീസ് കംപ്ലയിൻറ് അതോറിറ്റി പ്രധാന കേസുകൾ അന്വേഷിക്കാൻ പാടില്ലെന്ന് നിർദേശിച്ചിട്ടുള്ള മൂന്നാർ ഡിവൈ.എസ്.പിയെക്കൊണ്ട് റിപ്പോർട്ട് തയാറാക്കിച്ചത് കേസ് അട്ടിമറിക്കാനാണ്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. ഇത് സോളാർ കമീഷൻ റിപ്പോർട്ടിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ബിജോ മാണിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.