പത്തനംതിട്ട: ജില്ലയിൽ അഞ്ച് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾകൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നു. പന്തളം, ചെന്നീർക്കര, ഒാതറ എന്നിവക്ക് പുറമെയാണിത്. നിരണം, കോട്ടാങ്ങൽ, വടശേരിക്കര, പള്ളിക്കൽ, തണ്ണിത്തോട് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകീട്ട് ആറുവരെയായിരിക്കുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ.എൽ. അനിതകുമാരി പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉച്ചവരെ പ്രവർത്തിക്കുമ്പോഴാണ് ഇവിടെ വൈകുംവരെ സേവനം കിട്ടുന്നത്. രണ്ട് ഡോക്ടർമാരാണ് ഉണ്ടാകുക. ഒരാളെ ദേശീയ ആരോഗ്യദൗത്യവും ഒരാളെ ആരോഗ്യവകുപ്പും നിയമിക്കും. ആറുവരെ ലാബും പ്രവർത്തിക്കും. ബുധനാഴ്ച തോറും വിഷാദരോഗ ക്ലിനിക്ക് പ്രവർത്തിക്കും. പ്രായമായവരുടെ ശ്വാസകോശരോഗങ്ങൾക്ക് പ്രത്യേക ചികിത്സയുമായി ശ്വാസ് എന്ന ക്ലിനിക്കും ഉണ്ടാകും. സ്റ്റാഫ് നഴ്സുമാരും മറ്റ് ജീവനക്കാരും അധികം വരും. കെട്ടിട നവീകരണം ദേശീയ ആരോഗ്യദൗത്യം ചെയ്യും. രോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ രേഖയാക്കുന്ന പ്രവർത്തനം വൈകാതെ ആരംഭിക്കും. ഇതിനായി വിവരശേഖരണം തുടങ്ങി. ഒ.പിയിൽ എത്തുന്ന രോഗിയുടെ വിവരം കമ്പ്യൂട്ടറിലേക്ക് രേഖപ്പെടുത്തും. നമ്പറും നൽകും. ഡോക്ടർക്ക് ഇൗ നമ്പർ വഴി ഫോൾഡറിൽ പ്രവേശിച്ച് രോഗിയുടെ വിവരങ്ങൾ കാണാം. ആധാർ നമ്പർ വഴിയാണ് രജിസ്ട്രേഷൻ. രോഗി പിന്നീട് വരുമ്പോഴും ഇ-ഫയൽ തന്നെ ആശ്രയിക്കാം. റഫർ ചെയ്താൽ ഇതേ വിവരംവെച്ച് മെഡിക്കൽ കോളജുകളിലും ഡോക്ടർക്ക് തുറന്ന് വായിക്കാം. കുടുംബാരോഗ്യപ്രവർത്തകർ വീട് കയറി ശേഖരിക്കുന്ന വിവരങ്ങൾ ടാബിലാക്കുകയും ചെയ്യും. വീട്ടുകാർ ആധാർ നമ്പർ നൽകിയാൽ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ നമ്പർകൊണ്ട് ആശുപത്രിയിൽ ചെന്നാൽ തുടർചികിത്സ എളുപ്പമാക്കാം. കുട്ടികളുടെ കുത്തിവെപ്പ്, പ്രതിരോധമരുന്ന് വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ അന്നന്ന് ഡയറക്ടർക്ക് പരിശോധിക്കാനാകുമെന്നും അവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.