കട്ടപ്പന: ഇ-ലേലത്തിലെ പണമിടപാടുകൾ പൂർണമായി ഓൺലൈൻ ആക്കുന്നതിന് നടക്കുന്ന നീക്കവും ഉൽപാദനം ഇടിയുമെന്ന സൂചനകളും വിപണിയിൽ ഏലക്ക വില ഉയരാൻ കാരണമാകുന്നു. പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ചൊവ്വാഴ്ച നടന്ന ഇ-ലേലത്തിൽ കൂടിയ വില കിലോക്ക് 1236 രൂപവരെ ഉയർന്നപ്പോൾ ശരാശരി വില 942ൽ എത്തി. ഗ്രീൻഹൗസ് കാർഡമം മാർക്കറ്റിങ് കമ്പനിയുടെ ഇ-ലേലത്തിലാണ് ഈ വില ലഭിച്ചത്. ചെറുകിട വ്യാപാരികളും എലത്തിെൻറ ഉയർന്ന വില കിലോക്ക് ആയിരത്തിന് മുകളിലേക്ക് ഉയർത്തി. കനത്ത മഴയും കാറ്റും ഏലം കൃഷിക്ക് കനത്ത നാശം വിതച്ചതിന് പിന്നാലെ അഴുകൽ രോഗം ബാധിച്ച് കൃഷി നശിക്കുകയും ചെയ്തതോടെ ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് സൂചന. ഇത് വില ഉയരാൻ കാരണമായി. ഉൽപാദനത്തിൽ 40 ശതമാനത്തിെൻറ വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈവർഷം നേരേത്ത മഴ ലഭിച്ചതിനാൽ ഉൽപാദനത്തിൽ വൻ വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കാലവർഷം ചതിച്ചത്. ഉൽപാദന വർധനയുടെ സൂചനകളെ തുടർന്ന് ഏലം വില ഇടിയുന്നതിനിടയിലാണ് കാലവർഷം കൃഷി നശിപ്പിച്ച് വില്ലനായതും വീണ്ടും വില ഉയർന്നതും. ഇ-ലേലത്തിലെ പണമിടപാട് പൂർണമായി ഓൺലൈനാക്കുന്നതിെൻറ ഭാഗമായി എസ്‌ക്രോ സെറ്റിൽമെൻറ് മാതൃക നടപ്പാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അതിെൻറ ഭാഗമായി സ്പൈസസ് ബോർഡിെൻറ നിർദേശപ്രകാരം ബാങ്ക് അധികൃതർ കഴിഞ്ഞമാസം പുറ്റടി സ്പൈസസ് പാർക്ക് സന്ദർശിച്ചു. കർഷകന് നൽകുന്ന പണവും ലേലം നടത്തുന്നയാളുടെ കമീഷനും പൂർണമായും സ്പൈസസ് ബോർഡ് സെറ്റിൽമെൻറ് അക്കൗണ്ട് വഴി നൽകുന്നതാണ് പദ്ധതി. ഇത് നടപ്പാക്കിയാൽ ഇ-ലേലം, ഓരോ ലോട്ടുകളും വാങ്ങുന്നവർ, കുടിശ്ശിക, ലേലം നടത്തുന്നവർക്കുള്ള കമീഷൻ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം സ്പൈസസ് ബോർഡിന് ഓൺലൈനായി നിരീക്ഷിക്കാനും കഴിയും. ഇത് ലേലം ഏജൻസികളും കൃഷിക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ രീതിയിലേക്ക് മാറുന്നതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുകയും കർഷകരുടെ ഉൽപന്നങ്ങൾക്ക് അർഹമായ വില ഉടൻ അക്കൗണ്ടിൽ ലഭ്യമാകുകയും ചെയ്യും. ഇത് ലേല എജൻസികളുടെ ഇപ്പോഴുള്ള കള്ളക്കളികൾക്ക് വിരാമമിടുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.