മാറ്റിവെക്കുന്ന ബാരിക്കേഡ​ു​കൾ: ദേവസ്വം ബോർഡ്​ ഫണ്ട്​ അനുവദിച്ചാൽ സീസണിന്​ മുമ്പ്​ പൂർത്തിയാക്കാമെന്ന്​ വനംവകുപ്പ്​

പത്തനംതിട്ട: സ്ഥിരം ബാരിക്കേഡുകള്‍ക്ക് പകരം സീസണിനുശേഷം മാറ്റിവെക്കാവുന്നതരം ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് ദേവസ്വം ബോര്‍ഡ് ഫണ്ട് അനുവദിച്ചാല്‍ സീസണിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വനം വകുപ്പ് അറിയിച്ചു. തീര്‍ഥാടന മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയും യോഗത്തില്‍ റാന്നി ഡി.എഫ്.ഒയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ളാഹ മുതല്‍ പമ്പവരെയുള്ള പ്രദേശത്ത് 23 പോയൻറുകള്‍ ആനകള്‍ റോഡ് മുറിച്ചുകടക്കുന്നവയാണ്. ഇരുചക്ര, മുച്ചക്രവാഹനങ്ങളിലുള്ള തീര്‍ഥാടകരുടെ യാത്ര സുരക്ഷിതത്വം മുന്‍നിര്‍ത്തി നിയന്ത്രിക്കണം. എരുമേലി-അഴുതക്കടവ് വഴി പമ്പയിലേക്കുള്ള 21 കി.മീ. പരമ്പരാഗത പാതയില്‍ രാത്രി തീര്‍ഥാടകരെ കയറ്റിവിടുന്നത് തടയണമെന്നും ഡി.എഫ്.ഒ ആവശ്യപ്പെട്ടു. പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ റോഡി​െൻറ പണി ഉടന്‍ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അടുത്ത തീര്‍ഥാടന കാലത്തേക്കുള്ള കടകളുടെ ലേലം ജൂലൈ 24, 25, 26 തീയതികളില്‍ നടക്കും. 208 കടകളാണ് ലേലം ചെയ്യുന്നത്. ഇ-ടെന്‍ഡര്‍ വഴിയാണ് ലേല നടപടികള്‍. ഭക്ഷണസാധനങ്ങളുടെ വില സിവില്‍ സപ്ലൈസ് വകുപ്പ് നിശ്ചയിച്ച് നല്‍കും. വാട്ടര്‍ അതോറിറ്റി 130 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. 5000 ലിറ്റര്‍ ശേഷിയുള്ള ആര്‍.ഒ പ്ലാൻറില്‍നിന്ന് ഇവയിലേക്ക് ജലം എത്തിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മ​െൻറ് നേതൃത്വത്തില്‍ പത്തനംതിട്ട മുതല്‍ സന്നിധാനംവരെ ദുരന്തനിവാരണ യാത്ര നടത്തി അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ കണ്ടെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും തീരുമാനമായി. യോഗത്തില്‍ കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പുറമെ എ.ഡി.എം പി.ടി. എബ്രഹാം, തിരുവല്ല ആർ.ഡി.ഒ ടി.കെ. വിനീത്, പന്തളം നഗരസഭ അധ്യക്ഷ ടി.കെ. സതി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. തങ്കമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ മിനി ശ്യാം മോഹന്‍, ലതാവിക്രമന്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പി.ജി. ശശികുമാര വര്‍മ, വിവിധ വകുപ്പ് മേധാവികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.