കോന്നി: മലയാലപ്പുഴ ജെ.എം.പി ഹയർ സെക്കൻഡറി സ്കൂളിന് ഹയർ സെക്കൻഡറി പദവി നഷ്ടപ്പെടുന്നു. ഈ അധ്യയന വർഷം ഓൺലൈൻ വഴി സയൻസ് ഗ്രൂപ്പിൽ അഡ്മിഷൻ നേടിയ 14 പേരും കോമേഴ്സ് ഗ്രൂപ്പിൽ 18 പേരും സ്കൂൾ ചേഞ്ച് ഓപ്ഷൻ വന്നപ്പോൾ വ്യാഴാഴ്ച വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയതോടെ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കാൻ കുട്ടികൾ ഇല്ലാതെയായി. കഴിഞ്ഞ വർഷം ഈ അവസ്ഥ ഉണ്ടായപ്പോൾ ജനപ്രതിനിധികൾ ഉൾെപ്പടെ യോഗംകൂടി ഈ അധ്യയന വർഷം പത്താംതരം ഈ സ്കൂളിൽ പഠിച്ച് ജയിക്കുന്ന കുട്ടികളെ ഇതേ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അപേക്ഷ നൽകിക്കാൻ തീരുമാനം എടുത്തെങ്കിലും പത്താം തരത്തിൽ പഠിച്ചു ജയിച്ച 51കുട്ടികളിൽ ആരും തന്നെ ഉപരിപഠനത്തിന് ഇവിടെ അപേക്ഷ നൽകിയില്ല. തണ്ണിത്തോട്, തേക്കുതോട്, തുമ്പമൺ, എലിമുള്ളുംപ്ലാക്കൽ, മേടപ്പാറ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് മലയാലപ്പുഴ സ്കൂളിൽ പ്രവേശനം നേടിയത്. അലോട്ട്മെൻറ് പൂർണമായപ്പോൾ മുഴുവൻ കുട്ടികളും മാതൃവിദ്യാലയങ്ങളിലേക്ക് തന്നെ മടങ്ങി. ഇതോടെയാണ് ജെ.എം.പി ഹയർ സെക്കൻഡറി സ്കൂളിന് ഹയർ സെക്കൻഡറി പദവി നഷ്ടമാകാൻ ഇടയായിരിക്കുന്നത്. നീണ്ട നാളെത്ത കാത്തിരിപ്പിന് ഒടുവിലാണ് കോടതി ഇടപെടലിനെ തുടർന്ന് 2014ൽ ഹയർ സെക്കൻഡറി വിഭാഗം തുടങ്ങിയത്. ആരംഭഘട്ടത്തിൽ അടിസ്ഥാന സൗകര്യം ഒന്നും തന്നെയില്ലായിരുന്നു. തുടർന്ന് ഇങ്ങോട്ടുള്ള ഒാരോ അധ്യയന വർഷവും അടിസ്ഥാനസൗകര്യം മെച്ചപ്പെട്ട് വന്നപ്പോഴേക്കും കുട്ടികൾ ഇല്ലാതെയായി. 'ലക്ഷങ്ങൾ മുടക്കി വാങ്ങിയ കമ്പ്യൂട്ടർ, ലാബ് ഉപകരണങ്ങൾ പഠിക്കാൻ കുട്ടികൾ ഇല്ലാത്ത കാരണത്താൽ പുറത്തെടുത്തിട്ടില്ല. കൂടാതെ എം.എൽ.എ അടൂർ പ്രകാശിെൻറ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു കോടി ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിെൻറ പണി പൂർത്തിയായെങ്കിലും കുട്ടികൾ ഇല്ലാത്തതിനാൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി കെട്ടിടം തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.