കർഷകരുടെ പ്രതീക്ഷ വെറുതെ; ഹോർട്ടികോർപ് പഴം, പച്ചക്കറി വിൽപനശാല നോക്കുകുത്തി

നെടുങ്കണ്ടം: ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് കൂടുതൽ ലാഭം എന്ന ലക്ഷ്യത്തോടെ ഹോർട്ടികോർപ് ആരംഭിച്ച നെടുങ്കണ്ടത്തെ പഴം, പച്ചക്കറി വിൽപന ശാലക്ക് താഴുവീഴുന്നു. കഴിഞ്ഞ നവംബർ 16ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിനാണ് ശനിദശ. കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തി ആറു മാസം ആയപ്പോഴേക്കും വിൽപനശാലയെ എല്ലാവരും കൈവെടിഞ്ഞ മട്ടാണ്. ആധുനിക സംവിധാനത്തോടെയുള്ള പഴം, പച്ചക്കറി വിപണന കേന്ദ്രമാണ് നെടുങ്കണ്ടത്ത് ആരംഭിച്ചത്. എന്നാൽ, പച്ചക്കറികളും പഴവർഗങ്ങളും എത്തിക്കാൻ സർക്കാറും ഹോർട്ടികോർപ്പും തയാറാകാത്തതിനാൽ ഉപഭോക്താക്കൾ എത്തുന്നില്ല. കർഷകർ എത്തിക്കുന്ന ഏത്തവാഴക്കുലകളും മത്തൻ, കുമ്പളങ്ങ തുടങ്ങി പച്ചക്കറികളും മാത്രമാണ് വിൽപനക്കുള്ളത്. കർഷകരിൽനിന്ന് ഹോർട്ടികോർപ് നേരിട്ട് പച്ചക്കറികൾ സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഉണ്ടായില്ല. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് വിവിധ മേഖലകളിലെ കർഷകരിൽനിന്ന് നെടുങ്കണ്ടത്ത് പച്ചക്കറി എത്തിയിരുന്നത്. എന്നാൽ, മാസങ്ങളായി പച്ചക്കറി എത്തുന്നില്ല. കർഷകർ, കുടുംബശ്രീ, സ്കൂളുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർ ഉൽപാദിപ്പിക്കുന്ന പച്ചക്കറി സബ്സിഡി നിരക്കിൽ ഹോർട്ടികോർപ് വാങ്ങുമെന്നും ആവശ്യക്കാർക്ക് മിതമായ വിലയിൽ വിൽപന നടത്തുമെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. മറയൂർ, കാന്തല്ലൂർ, വട്ടവട എന്നിവിടങ്ങളിൽനിന്ന് പച്ചക്കറി എത്തിക്കുമെന്നും പറഞ്ഞിരുന്നു. ഓണക്കാലത്ത് അഞ്ചു ദിവസം ഹോർട്ടികോർപ് സ്റ്റാളിൽ ലക്ഷങ്ങളുടെ കച്ചവടം നടന്നതോടെ ഉന്നത ഉദ്യോഗസ്ഥർ സർവേ നടത്തി കൃഷിമന്ത്രിക്കും ഹോർട്ടികോർപ് ചെയർമാനും റിപ്പോർട്ട് നൽകിയതിെന തുടർന്നാണ് വിപണന കേന്ദ്രം നെടുങ്കണ്ടത്ത് അനുവദിച്ചത്. വിഷരഹിത പച്ചക്കറി ശേഖരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താൻ പദ്ധതി തയാറാക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മഴ കവർന്നത് നൂറുകണക്കിന് ഏക്കർ ഏലംകൃഷി രാജാക്കാട്: മലയോരമേഖലയിൽ പെയ്തിറങ്ങിയ കാലവർഷം കവർന്നത് ഒരുകൂട്ടം കർഷകരുടെ സ്വപ്നങ്ങൾ. ഏലം മേഖലയിൽ 30 ശതമാനത്തിലധികം നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി ആവശ്യത്തിന് വേനൽമഴ ലഭിച്ചതുകൊണ്ട് മെച്ചപ്പെട്ട ആദായമാണ് ഈ വിളവെടുപ്പ് കാലത്ത് കർഷകർക്ക് ലഭിക്കേണ്ടിയിരുന്നത്. അടുത്ത മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാൻ ഇരിക്കവെയാണ് തെക്ക് പടിഞ്ഞാറൻ മൺസൂണിനൊപ്പം എത്തിയ ശക്തമായ കാറ്റ് കാർഷിക മേഖലയെ വേരോടെ പിഴുത് എറിഞ്ഞത്. തട്ടകൾ മുഴുവൻ കാറ്റിൽ ഒടിഞ്ഞു നിലംപതിച്ച അവസ്ഥയിലാണ്. ഒന്നിന് മുകളിലേക്ക് ഒന്നായി ഒടിഞ്ഞുവീണ തട്ടകൾ വെട്ടിമാറ്റിയാൽ പുതിയ ചിമ്പുകൾ ഉണ്ടാകില്ല. ശരങ്ങൾ ഉണങ്ങി കായ് കൊഴിയുകുകയും ചെയ്യും. തട്ടകൾ ഒടിഞ്ഞു കൂട്ടമായി കിടക്കുന്നതിനാൽ അഴുകൽ ബാധയും ഉണ്ടാകും. ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും മരം വീണും തകർന്നടിഞ്ഞത് ഹെക്ടർകണക്കിന് കൃഷി ഭൂമിയാണ്. സേനാപതി, രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, ഉടുമ്പൻചോല മേഖലകളിലാണ് കാലവർഷം കൂടുതൽ കലിതുള്ളിയത്. സേനാപതി പഞ്ചായത്തിലാണ് കൂടുതൽ കൃഷി നാശം. മുന്നൂറോളം ഹെക്ടർ ഏലം കൃഷിയാണ് അഞ്ചു ദിവസത്തിനുള്ളിൽ നശിച്ചത്. രാജകുമാരിയിൽ 110 ഹെക്ടറും ഉടുമ്പൻചോലയിൽ 100 ഹെക്ടറും ശാന്തൻപാറയിൽ 68 ഹെക്ടറും രാജാക്കാട്ട് 52 ഹെക്ടറും ഏലം കൃഷി നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.