*രോഗബാധിതരിൽ മുതിർന്നവരും കുട്ടികളും തോപ്പിൽ രജി ചിറ്റാർ: കാലവർഷം കനത്തതോടെ മൂഴിയാർ വനമേഖലയിലെ . മൂഴിയാർ സായിപ്പുംകുഴി കോളനിയിലാണ് പനി വ്യാപിക്കുന്നത്. ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് മേൽക്കൂര കൊണ്ടുള്ള കുടിലുകളിൽ തണുത്തുവിറച്ചു കഴിയുന്ന കുട്ടികളിൽ അധികവും പനി ബാധിതരാണ്. പനിയായതിനാൽ മിക്ക കുട്ടികളും സ്കൂളിൽ പോകുന്നില്ല. സായിപ്പുംകുഴി കോളനിയിലെ താമസക്കാരായ രഘു, ഭാര്യ ഓമന, രണ്ടു വയസ്സുള്ള മകൾ രഞ്ജിനി, രജി, അജയൻ ,അപ്പൂസ് എന്നിവർക്ക് കടുത്ത പനിയാണ്. പനി കലശലായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിവരം അറിയിച്ചിരുന്നു. ആംബുലൻസ് എത്തിക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും വൈകുന്നേരംവരെയും എത്തിച്ചിട്ടില്ല. ആംബുലൻസ് കോട്ടയത്തേക്ക് പോയിരിക്കുകയാണെന്നും മടങ്ങിയെത്തിയിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. ശനിയാഴ്ച ൈവകുന്നേരമായപ്പോഴേക്ക് ഒാമനക്ക് പനികൂടി കിടപ്പിലായി. കോളനിവാസികൾ വിവരമറിയിച്ചതനുസരിച്ച് സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഒാഫിസർ ഡോ. വിൽസൺ സേവ്യർ വെള്ളിയാഴ്ച വൈകുന്നേരം കോളനിയിലെത്തി പരിശോധന നടത്തി മരുന്ന് വിതരണം ചെയ്തിരുന്നു. എന്നിട്ടും പനി കുറയാതിരുന്നതോടെയാണ് ജനറൽ ആശുപത്രിയിൽ വിവരം അറിയിച്ചത്. കുട്ടികളിൽ അധികവും ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്നവരാണ്. പനിക്കൊപ്പം പോഷകാഹാരക്കുറവും ദുരിതം വർധിപ്പിക്കുന്നു. ട്രൈബൽ വകുപ്പിൽനിന്ന് കിട്ടുന്ന നാമമാത്ര ഭക്ഷ്യധാന്യങ്ങളുടെ വരവും വല്ലപ്പോഴുമാണ്. ഇതുമൂലം മിക്ക കുടുംബാംഗങ്ങളും പട്ടിണിയിലാണ്. സന്നദ്ധ സംഘടനകൾ ആദിവാസി സന്ദർശനത്തിെൻറ ഭാഗമായി എത്തുമ്പോൾ നൽകുന്ന ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമാണ് ഇവർക്ക് ആശ്രയം. കാലവർഷം ശക്തമായതോടെ വനത്തിനുള്ളിൽ പോയി വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയുന്നില്ല. വനവിഭവ ശേഖരണം നിലച്ചതോടെ വരുമാനമില്ലാത്ത അവസ്ഥയിലാണ് ആദിവാസി കുടുംബാംഗങ്ങൾ. വനത്തിൽനിന്ന് കിട്ടുന്ന കിഴങ്ങുകൾ വേവിച്ച് കഴിച്ചാണ് പല കുടുംബംഗങ്ങളും പട്ടിണി അകറ്റുന്നത്. അതിനിടെ പനി ബാധയുമുണ്ടായതോടെ പലരും ജീവൻ നിലനിർത്താൻ പെടാപ്പാടുപെടുന്ന അവസ്ഥയാണ്. സ്ഥിതി രൂക്ഷമായിട്ടും ഒരു ഡോക്ടർ മാത്രമാണ് കോളനിയിലെത്തി ചികിത്സിച്ചതെന്ന് കോളനിവാസികൾ പറഞ്ഞു. പനി പിടിപ്പെട്ടവരിൽ പലരും ഇനിയും ചികിത്സ തേടിയിട്ടില്ല. രോഗം വന്നാൽ 20 കി.മീ. അകലെ ആങ്ങമൂഴിയിലോ സീതത്തോട്ടിലോ ഉള്ള സർക്കാർ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ എത്തി വേണം ചികിത്സ തേടാൻ. ആശുപത്രിയിൽ പോകാൻ വണ്ടിക്കൂലിപോലും ഇല്ലാത്തതിനാലാണ് പലരും ചികിത്സക്ക് പോകാത്തത്. കാലവർഷം ശക്തമായതോടെ മൂഴിയാർ വനമേഖലയിൽ മൂടൽമഞ്ഞും കടുത്ത തണുപ്പുമാണ് അനുഭവപ്പെടുന്നത്. മിക്ക ആദിവാസി കുടുംബംഗങ്ങളും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയുമായാണ് കഴിയുന്നത്. മിക്ക കുടിലുകളും ചോർന്നൊലിക്കുകയാണ്. അട്ട കടിക്കുമെന്ന ഭയത്തിൽ കാട്ടുകമ്പ് കൊണ്ട് തട്ടുണ്ടാക്കിയാണ് കിടക്കുന്നത്. ഒരു കാറ്റടിച്ചാൽ ഇവരുടെ കൂര മലകൾക്കപ്പുറത്തേക്കു പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.