അടിമാലി: രണ്ടുതവണ കാട്ടാനയുടെ മുന്നിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വേലുവിെൻറ ജീവൻ ഒടുവിൽ കാട്ടാനയെടുത്തു. 16 വർഷം മുമ്പ് തമിഴ്നാട്ടിലെ ബോഡിമെട്ടിൽനിന്ന് ശാന്തൻപാറ പഞ്ചായത്തിലെ പൂപ്പാറ പുതുപ്പാറ എസ്റ്റേറ്റിലെത്തിയ വേലു നേരേത്ത രണ്ടുവട്ടം കാട്ടാനയുടെ മുന്നിൽപെട്ടിരുന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബോഡിമെട്ടിലെ ശ്രീധറിെൻറ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ തൊഴിലാളിയായെത്തിയ വേലുവിെൻറ അർപ്പണമനോഭാവവും ആത്മാർഥതയും മനസ്സിലാക്കിയ ശ്രീധർ കാവൽക്കാരനായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. ഭാര്യയെയും മക്കളെയും എസ്റ്റേറ്റിൽ ഒപ്പം താമസിപ്പിക്കാനും സൗകര്യം നൽകി. ഇതോടെ തമിഴ്നാട്ടിലെ ബന്ധം അറ്റ വേലുവിന് പിന്നെ എല്ലാം ഈ എസ്റ്റേറ്റിലെ തൊഴിലായിരുന്നു. മറ്റ് ജോലിക്കാർ രാവിലെ എട്ടിനാണ് ജോലിക്കിറങ്ങിയിരുന്നതെങ്കിൽ വേലുവിെൻറ ജോലി ആറിന് തുടങ്ങും. സന്ധ്യ മയങ്ങുന്നതുവരെ തോട്ടം പരിപാലനവുമായി നടന്നിരുന്ന വേലു പുറംലോകത്തെത്തുന്നത് വീട്ടാവശ്യത്തിന് സാധനങ്ങൾ വാങ്ങാൻ മാത്രമായിരുന്നു. ജോലിക്കാരോടും നാട്ടുകാരോടും സൗമ്യമായി പെരുമാറുകയും കഴിയുന്ന സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നതിനാൽ വേലു എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു. 22 ഏക്കർ ഭൂമിയിൽ ജോലിക്കാരെ വെച്ച് ഏലംകൃഷി കൃത്യമായി വേലു ചെയ്തിരുന്നതിനാൽ എസ്റ്റേറ്റിൽ വല്ലപ്പോഴും മാത്രമാണ് താൻ എത്തിയിരുന്നതെന്ന് ഉടമ പറയുന്നു. രണ്ട് മക്കളാണ് വേലുവിന്. ഒരാളെ തമിഴ്നാട്ടിൽ വിവാഹം കഴിച്ചയച്ചു. മറ്റൊരാൾ വേലുവിനോടൊപ്പം എസ്റ്റേറ്റിൽ ജോലിയെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.