മണ്ണിടിഞ്ഞ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

അടിമാലി: കനത്ത മഴയിൽ മണ്ണിടിഞ്ഞും മരങ്ങൾ ഒടിഞ്ഞും ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാളറ, ഇരുട്ടുകാനം എന്നിവിടങ്ങളിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഈ പാതയിൽ കൂമ്പൻപാറയിലും മണ്ണിടിഞ്ഞ് റോഡിൽ പതിച്ചിരുന്നു. അരമണിക്കൂർ ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് വാളറയിൽ കൂറ്റൻ മരം കടപുഴകി റോഡിൽ പതിച്ചത്. ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരുട്ടുകാനത്ത് 12.30നാണ് മണ്ണിടിഞ്ഞത്. കല്ലാർ-മാങ്കുളം റോഡിൽ നാലിടത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതിനു പുറമെ റോഡിൽ മണ്ണിടിച്ചിൽ കൂടിയായതോടെ മാങ്കുളത്തേക്ക് യാത്ര ദുഷ്കരമായി. നീരൊഴുക്ക് ശക്തമായതിനാൽ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. അഞ്ച് അടിയാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. മഴ കൂടിയാൽ ഷട്ടർ കൂടുതൽ ഉയർത്തുമെന്നും പെരിയാറി​െൻറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. കൊന്നത്തടി പഞ്ചായത്തിലും കാലവർഷം കനത്ത നാശമാണ് വരുത്തുന്നത്. മരം വീണ് വീട് തകർന്നു. കാറ്റാടിപ്പാറ തുരുത്തേത്ത് വിദ്യാധര​െൻറ വീടാണ് തകർന്നത്. കനത്ത കാറ്റിലും മഴയിലും മുനിയറ ചരുളി കളരിക്കൽ ബാബുവി​െൻറ ഏത്തവാഴത്തോട്ടം നശിച്ചു. 1000 ഏത്തവാഴകളാണ് നശിച്ചത്. കല്ലാർകുട്ടി പാലത്തി​െൻറ സംരക്ഷണ ഭിത്തിയിടിഞ്ഞു അടിമാലി: കല്ലാർകുട്ടിയിൽ പുതുതായി നിർമിച്ച പാലത്തി​െൻറ അപ്രോച്ച് റോഡി​െൻറ സംരക്ഷണ ഭിത്തിയിടിഞ്ഞു. തിങ്കളാഴ്ച പുലർച്ച ആറോടെയാണ് സംഭവം. 25 മീറ്ററോളം ദൂരത്തിലാണ് സംരക്ഷണ ഭിത്തിയിടിഞ്ഞത്. 30 മീറ്റർ ഉയരത്തിലുണ്ടായിരുന്ന സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ ഇവിടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കല്ലാർകുട്ടി അണക്കെട്ടി​െൻറ മുകളിലൂടെയുള്ള ഗതാഗതം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അണക്കെട്ടിൽനിന്ന് ഒരുകിലോമീറ്റർ താഴെ പാലം നിർമിച്ചത്. നാലുവർഷം മുമ്പാണ് ഈ പാലം തുറന്ന് നൽകിയത്. കൊന്നത്തടി പഞ്ചായത്തിനെയും നെടുങ്കണ്ടം, മുരിക്കാശ്ശേരി പ്രദേശങ്ങളെയും അടിമാലിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലുള്ളതാണ് ഈ പാലം. സംരക്ഷണ ഭിത്തിയിടിഞ്ഞ ഭാഗത്ത് റിബൺകെട്ടി അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ ഇനിയും ഇവിടം ഇടിയാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കാലവർഷക്കെടുതി: പ്രത്യേക പാക്കേജ് അനുവദിക്കണം -കേരള കോൺഗ്രസ് എം തൊടുപുഴ: കടുത്ത പേമാരിയും ഉരുൾപൊട്ടലും മൂലമുണ്ടായ കൃഷിനാശത്തിന് അനുവദിച്ച തുക അപര്യാപ്തമാണെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ്. ആയിരക്കണക്കിനേക്കർ സ്ഥലത്ത് കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പൂർണമായും കൃഷി നാശം സംഭവിച്ചതിന് ഹെക്ടറിന് 18,000 രൂപ മാത്രമാണ് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വർധിപ്പിക്കണം. പ്രഖ്യാപിച്ച സാമ്പത്തിക സഹായം നടപടി ക്രമങ്ങളുടെ നൂലാമാലകളിൽപെടാതെ അടിയന്തരമായി വിതരണം ചെയ്യണം. പൂർണമായി വീട് നഷ്ടപ്പെട്ടവർക്ക് നാമമാത്ര തുക മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കണം. നൂറുകണക്കിനാളുകളുടെ വീടുകൾ മണ്ണിടിഞ്ഞും മരങ്ങൾ വീണും ഭാഗികമായി തകർന്നിട്ടുണ്ട്. ഇവർക്ക് ധനസഹായമൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം നാശനഷ്ടങ്ങൾക്ക് സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ജേക്കബ് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ ബാങ്കുകളുടെ ജപ്തി നടപടി ആറുമാസത്തേക്ക് നിർത്തിവെക്കണം. തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിന് അടിയന്തരമായി ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രഫ. ജേക്കബ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.