* കല്ലാർകുട്ടി-ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നുവിട്ടു തൊടുപുഴ: ജില്ലയിൽ കനത്ത മഴയിലും കാറ്റിലും പലയിടത്തും വ്യാപക നാശം. കല്ലാർകുട്ടി-ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നുവിട്ടു. മാങ്കുളത്ത് നേരിയ തോതിൽ ഉരുൾപൊട്ടി. മാങ്കുളം വിരിപ്പാറയിലാണ് ഉരുൾപൊട്ടിയത്. സുകുമാരൻകട-പാമ്പുംകയം റോഡ് ഇടിഞ്ഞതിനെ തുടർന്ന് ആനക്കുളം ഒറ്റപ്പെട്ടു. ദേശീയപാതയിലടക്കം പലയിടത്തും മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴക്കൊപ്പം കാറ്റ് വീശിയതിനാണ് നാശം വർധിക്കാൻ കാരണമായത്. മരങ്ങൾ കടപുഴകിയതിനാൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും ഗതാഗതം മുടങ്ങി. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. കല്ലാർ-മാങ്കുളം റോഡിൽ വിവിധയിടങ്ങളിൽ വൻമരങ്ങൾ വീണതിനാൽ നാലു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന തങ്കമണിയിൽ വീടിനു മുകളിലേക്ക് കല്ലുവീണ് ഒരാൾക്ക് പരിക്കേറ്റു. കൽതൊട്ടി മേപ്പാറയിൽ വീടിനു മുകളിലേക്ക് മരം വീണ് നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച ജില്ലയിലെ മിക്ക താലൂക്കുകളിലും കനത്ത മഴയാണ് ലഭിച്ചത്. ദേവികുളം താലൂക്കിൽ 62 മി.മീ. മഴ പെയ്തപ്പോൾ ഉടുമ്പൻചോല താലൂക്കിൽ 23 മി.മീ. മഴ രേഖപ്പെടുത്തി. ഇടുക്കി താലൂക്കിൽ 58 മി.മീറ്ററും പീരുമേട് താലൂക്കിൽ 50 മി.മീറ്ററും തൊടുപുഴ താലൂക്കിൽ 44 മി.മീറ്ററും മഴ ലഭിച്ചു. അണെക്കട്ടിലെ ജലനിരപ്പിലും വർധന ഉണ്ടായിട്ടുണ്ട്. 2323.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ 116.4 അടിയാണ് വെള്ളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.